ന്യൂഡൽഹി: ഇന്ത്യയുടെ യാഥാർത്ഥ്യം ജി 20 ഉച്ചകോടിക്കെത്തിയ അതിഥികളിൽ നിന്ന് മറച്ചുവെക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇന്ത്യാ ഗവണ്മെന്റ് നമ്മുടെ പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും മറയ്ക്കുകയാണ്. നമ്മുടെ അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറച്ചുവെക്കേണ്ടതില്ല’, രാഹുൽ ഗാന്ധി സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.
ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്തെ ചേരികൾ പ്ലാസിറ്റ് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും ഉപയോഗിച്ച് മറച്ച നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഷീറ്റുകളുപയോഗിച്ചു മറച്ച ഡൽഹിയിലെ വസന്ത് വിഹാറിലെ ചേരിപ്രദേശമായ കൂലി ക്യാമ്പിന്റെ വീഡിയോ കോൺഗ്രസ് നേരത്തെ പങ്കുവെച്ചിരുന്നു. തെരുവുനായ്ക്കളോടുള്ള ക്രൂരതയുടെ വീഡിയോകളും കോൺഗ്രസ് പങ്കുവെച്ചിരുന്നു. അതേസമയം, പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും രംഗത്തെത്തി.
ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും തെരുവു മൃഗങ്ങളെ ക്രൂരമായി വളഞ്ഞു പിടിച്ച് കൂട്ടിലടക്കുയും ചെയ്തത് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി മാത്രമാണെന്ന് ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ കുറിച്ചു. പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഇന്ന് രാവിലെയാണ് ഡൽഹിയിൽ തുടക്കമായത്. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.