റിയാദ്: ഇന്ത്യയിലുള്ള സൗദി കിരീടാവകാശി നാളെ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യയും സൗദിയും തമ്മിൽ സഹകരണം ശക്തമാക്കുന്നതും വിവിധ കരാറുകൾ ഒപ്പുവയ്ക്കുന്നതും ചർച്ചയാകും. ഇന്ത്യയിൽ നിന്നുള്ള കൂടുതൽ നിക്ഷേപകരെ സൗദിയിലെക്കെത്തിക്കുകയാണ് സൗദി കിരീടാവകാശിയുടെ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ജി20 ഉച്ചകോടിക്ക് ശേഷം ഡൽഹിയിൽ തുടരുകയാണ് സൗദി കിരീടാവകാശി. നാളെ ആദ്യം രാഷ്ട്രപതിയെ സന്ദർശിക്കും. ഇതു കഴിഞ്ഞാണ് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച. ഇന്ത്യയും സൗദിയും സംയുക്തമായി രൂപം കൊടുത്ത സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ സ്ഥിതിയും ഇരു രാജ്യങ്ങളും അവലോകനം ചെയ്യും. ഇതിന്റെ ഭാഗമായി വിവിധ കരാറുകളും ധാരണാ പത്രങ്ങളും രൂപപ്പെടുത്തും.
സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. സൗദിയാകട്ടെ, ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയും. സൗദി അറേബ്യ നിലവിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം വർധിപ്പിക്കുന്നുണ്ട്. വിവിധ ഇന്ത്യൻ കമ്പനികളിൽ സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഓഹരിയും സ്വന്തമാക്കിയിരുന്നു.
നാളത്തെ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, വ്യാപാരം, സാമ്പത്തികം, സാംസ്കാരികം തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചയുണ്ടാകും. സൗദിയിലെ ടൂറിസം, എഫ്ഐഐ, നിയോം. റെഡ് സീ, ഇൻവെസ്റ്റ് സൗദി തുടങ്ങിയ മന്ത്രാലയ തന്ത്രപ്രധാന പദ്ധതികൾ ജി20 പവലിയനിൽ സ്ഥാനം പിടിച്ചിരുന്നു.