ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് കപ്പലിനെ രക്ഷിച്ചതിന് ഭാരതത്തിന് നന്ദി അറിയിച്ച ബൾഗേറിയ്‌ക്ക് വിദേശകാര്യമന്ത്രി ജയശങ്കറിന്റെ മറുപടി. സമൂഹമാദ്ധ്യമത്തിലൂടെയാണ് ബൾഗേറിയൻ ഉപപ്രധാനമന്ത്രി ഗബ്രിയേൽ ഇന്ത്യയ്‌ക്ക് നന്ദി അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു എസ്. ജയങ്കറിന്റെ മറുപടി.
7 ബൾഗേറിൻ പൗരന്മാരുള്ള തട്ടിക്കൊണ്ടുപോയ കപ്പലിനെ രക്ഷപ്പെടുത്താനുള്ള വിജയകരമായ പ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയോട് താൻ നന്ദി രേഖപ്പെടുത്തുന്നുവെന്നായിരുന്നു ഉപപ്രധാനമന്ത്രി പറഞ്ഞത്. പിന്തുണയ്‌ക്കും മഹത്തായ പരിശ്രമത്തിനും നന്ദി. ക്രൂവിന്റെ ജീവൻ സംരക്ഷിക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗബ്രിയേൽ കൂട്ടിച്ചേർത്തു. ഇതിനൊക്കെയാണ് സുഹൃത്തുക്കൾ എന്നായിരുന്നു ഇതിന് മറുപടിയായി ജയശങ്കർ പറഞ്ഞത്.
കഴിഞ്ഞ വർഷം ഡിസംബർ 14നാണ് എംവി റൂണിനെ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. കടൽക്കൊള്ളക്കാരിൽ നിന്നും ഇന്നലെ ഇന്ത്യൻ നാവികസേന കപ്പൽ തിരിച്ചുപിടിക്കുകയും 35 കൊള്ളക്കാരെ കീഴടക്കുകയും ചെയ്തു. പരിക്കേൽക്കാതെ ജീവനക്കാരെ സേന രക്ഷപ്പെടുത്തിയിരുന്നു.