ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ അംഗീകരിച്ച് രാജ്യസഭയും. നേരത്തെ ലോക്സഭയും ബിൽ പാസാക്കിയിരുന്നു. ഇതോടെ ബില്‍ പാസായി. ബില്‍ ഏകകണ്ഠമായി രാജ്യസഭ പാസാക്കുകയായിരുന്നു. 215 എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. ലോക്‌സഭയിലും നിയമസഭയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബിൽ ഒരു ദിവസം നീണ്ട ചർച്ചയ്ക്ക് ശേഷമാണ്. ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും ശേഷമാണ് ബില്‍ പാസാക്കിയത്.
പ്രതിപക്ഷവും ബില്ലിനോട് അനുകൂല നിലപാട് സ്വീകരിച്ചതോടെ ബില്‍ അനായാസം രാജ്യസഭ കടക്കുകയായിരുന്നു. ഭരണഘടന ഭേദഗതിക്ക് പിന്നാലെ സെന്‍സസിനെ അടിസ്ഥാനമാക്കി മണ്ഡല പുനക്രമീകരണം നടന്നാലെ ബില്‍ നിയമമാകു. അതിനാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം ഉണ്ടാകില്ല.
വനിതാ സംവരണ ബില്‍ 454 പേരുടെ പിന്തുണയോടെയാണ് കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയത്. രണ്ട് പേര്‍ ബില്ലിനെ എതിര്‍ത്തു. എട്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കൊടുവിലാണ് ബില്‍ പാസായത്. കേരളത്തില്‍ നിന്നുള്ള എന്‍ കെ പ്രേമചന്ദ്രന്‍, എ എം ആരിഫ്, ഇ ടി മുഹമ്മദ് ബഷീര്‍, ഹൈബി ഈഡന്‍ എന്നിവര്‍ വനിതാ സംവരണ ബില്ലില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ഈ ഭേദഗതി ബില്‍ പിന്‍വലിക്കുകയായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കും പിന്നക്കക്കാര്‍ക്കും ഉപസംവരണം വേണമെന്ന് അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദ്ദേശം സഭ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. വനിതാ സംവരണ ബില്ല് മുസ്ലിം സ്ത്രീകള്‍ക്ക് വിരുദ്ധമാണെന്നും അസദുദ്ദീന്‍ ഒവൈസി നേരത്തെ പറഞ്ഞിരുന്നു.
വനിതാ സംവരണബില്ലുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ സംസാരിച്ച ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. ബില്‍ സ്ത്രീകളുടെ അന്തസ്സും അവസര സമത്വവും ഉയര്‍ത്തുമെന്നും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കുമെന്നുമുള്ള ആമുഖത്തോടെയായിരുന്നു കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബില്ല് അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി. നാരിശക്തീ വന്ദന്‍ എന്ന പേരിലാണ് ബില്ല് അവതരിപ്പിച്ചത്.