Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകരുവന്നൂർ കള്ളപ്പണ ഇടപാട്; അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ 63 ലക്ഷത്തിൻ്റെ നിക്ഷേപമെന്ന് ഇ ഡി

കരുവന്നൂർ കള്ളപ്പണ ഇടപാട്; അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ 63 ലക്ഷത്തിൻ്റെ നിക്ഷേപമെന്ന് ഇ ഡി

തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ കണ്ടെത്തൽ. വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഐഎം നേതാവുമായ പി ആർ അരവിന്ദാക്ഷന് എസ്ബിഐ ബാങ്ക അദ്ദേഹത്തിന്റെ അമ്മയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നതാണ് ഇ ഡ‍ിയുടെ പുതിയ കണ്ടെത്തൽ. 90 വയസുള്ള അമ്മയുടെ അക്കൗണ്ടിൽ 63 ലക്ഷത്തിൻ്റെ നിക്ഷേപമുണ്ട്. കളളപ്പണ ഇടപാട് നടന്ന കാലയളവിലാണ് ഈ പണം അക്കൗണ്ടിലേക്ക് എത്തിയതെന്നും ഇ ഡി പറയുന്നു.

അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലെ നോമിനി അറസ്റ്റിലായ പി സതീഷ് കുമാറിൻ്റെ സഹോദരൻ പി ശ്രീജിത്ത് ആണ്. ബാങ്കിൽ മകൻ എന്നാണ് നോമിനിയുടെ ബന്ധം കാണിച്ചിട്ടുളളത്. അതുകൊണ്ട് ഇത് വ്യാജ നോമിനിയാണെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

അരവിന്ദാക്ഷന്‍റെ വിദേശ സന്ദർശനങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. പി ആർ അരവിന്ദാക്ഷൻ മൂന്ന് തവണ ദുബായിൽ പോയി. ഒരു തവണ സതീഷിനൊപ്പവും രണ്ട് തവണ വിദേശ മലയാളിയായ അജിത് എന്നയാൾക്ക് ഒപ്പവുമാണ് പോയത്. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി അജിത്തിന് വിറ്റു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ബാങ്ക് അക്കൗണ്ടന്റ് സി കെ ജിൽസ് 11 ഇടങ്ങളിൽ ഭൂമി വാങ്ങിയതായും ഇതിൽ ആറെണ്ണം ഭാര്യയുടെ പേരിലാണെന്നും ഇഡി കണ്ടെത്തി.

അതേസമയം അരവിന്ദാക്ഷനേയും ജിൽസിനേയും സബ് ജയിലിലേക്ക് മാറ്റി. ജിൽസ്, മാനേജർ ബിജു കരീം എന്നിവർ‍ വായ്പാത്തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ചതായി ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു. തൃശ്ശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന എ സി മൊയ്തീൻ എംഎൽഎയുടെ അടുത്ത സുഹൃത്താണ് പി ആർ അരവിന്ദാക്ഷൻ.

കേസിൽ പാർട്ടി അരവിന്ദാക്ഷനൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞിരുന്നു. അരവിന്ദാക്ഷൻ ഇ ഡിക്കെതിരെ പറഞ്ഞതിലുള്ള പ്രതികാര നടപടിയാണ് അറസ്റ്റ്. എ സി മൊയ്‌തീനിലേക്ക് മാത്രമല്ല ആരിലേക്കും ഇഡി എത്താം. വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ലെന്നും ​എം വി ​ഗോവിന്ദൻ പറഞ്ഞു. അരവിന്ദാക്ഷന് പൂർണ്ണ പിന്തുണ അറിയിച്ച് സിപിഐഎം തൃശൂ‍ർ ജില്ലാ സെക്രട്ടറി എം എം വർഗീസും രം​ഗത്തെത്തി. അരവിന്ദാക്ഷന് പാർട്ടി സംരക്ഷണം ഒരുക്കും. നിയമ സാധ്യതകൾ തേടും. ബിജെപി പറയുന്ന ആളുകളെ ഇഡി അറസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ നടക്കുന്നത്. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളി ആകുന്നില്ല. എ സി മൊയ്തീനെയും അനൂപ് ഡേവിസ് കാടയെയും എം കെ കണ്ണനെയുമെല്ലാം ചോദ്യം ചെയ്യുന്നുണ്ട്. അവരൊന്നും പ്രതികളല്ല. ക്രൈംബ്രാഞ്ച് അന്വേഷണം ഇടി തടസ്സപ്പെടുത്തുകയാണ്. സിപിഐഎം ഇതിനെ ശക്തമായി പ്രതിരോധിക്കും. ഒക്ടോബർ 14ന് സിപിഐഎം കാൽനട ജാഥ നടത്തുമെന്നും എം എം വർഗീസ് പറഞ്ഞിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments