ന്യൂഡൽഹി: ഇസ്രായേൽ – ഫലസ്തീൻ സംഘർഷത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേലിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
‘ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു’ -പ്രധാനമന്ത്രി മോദി എക്സിൽ (ട്വിറ്റർ) കുറിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്.
ഇസ്രായേലിലെ ഇന്ത്യക്കാർക്ക് കേന്ദ്ര സർക്കാർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതരുടെ നിർദേശം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിനു പിന്നാലെ ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ആരംഭിക്കുകയായിരുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് നടത്തുന്ന ആക്രമണത്തിന് ‘ഓപറേഷൻ അൽ-അഖ്സ ഫ്ളഡ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിലാണ് ഹമാസിനെതിരായ ഇസ്രായേൽ ആക്രമണം.