പാർട്ടി നടപടി നേരിടുന്ന ഡിവൈഎഫ്ഐ തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എൻ.വി വൈശാഖനെതിരെ വീണ്ടും ആരോപണം. ക്വാറിക്കെതിരായ പരാതി പിൻവലിക്കാൻ വൈശാഖൻ പണം വാഗ്ദാനം ചെയ്തുവന്നാണ് ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.
ഒരു വർഷം മുൻപാണ് സംഭവം നടന്നത്. തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ക്വാറിക്കെതിരെ അജിത്ത് എന്നയാൾ പരാതി നൽകിയിരുന്നു ഈ പ്രശ്നത്തിലാണ് എൻ.വി വൈശാഖൻ ഇടപെട്ടത്. പരാതി പിൻവലിക്കാൻ അജിത്തിന് വൈശാഖൻ പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ക്വാറി ഉടമയിൽ നിന്ന് പണം വാങ്ങി നൽകാമെന്നാണ് വൈശാഖൻ പറയുന്നത്.
ഒരു വർഷം മുമ്പ് പാർട്ടി ചുമതലകൾ ഉണ്ടായിരുന്നപ്പോഴാണ് ക്വാറി പ്രശ്നത്തിൽ വൈശാഖൻ ഇടപെട്ടതെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ അഭിഭാഷകൻ എന്ന നിലയിലാണ് ഇടപെട്ടതെന്ന് വൈശാഖൻ വിശദീകരിക്കുന്നു.
സംഭവത്തിൽ മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്തത് തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും വൈശാഖൻ പറയുന്നു. നേരത്തെ വനിതാ നേതാവ് നൽകിയ പരാതിയിൽ എൻ.വി വൈശാഖനെ തിരഞ്ഞെടുക്കപ്പെട്ട ചുമതലകളിൽ നിന്ന് സി പി എം നീക്കിയിരുന്നു.