വാഷിങ്ടൺ: സാൻഫ്രാൻസിസ്കോയിലെ ചൈനീസ് കോൺസുലേറ്റിലേക്ക് കാർ ഇടിച്ചുകയറ്റിയ ആളെ വെടിവെച്ചുകൊന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. നീല ഹോണ്ട കാർ കോൺസുലേറ്റിന്റെ ലോബിയിൽ എത്തുന്നതും നിരവധിപേർ കെട്ടിടത്തിൽനിന്ന് ഓടിരക്ഷപ്പെടുന്നതും വിഡിയോദൃശ്യങ്ങളിൽ കാണാം.
ആക്രമണത്തെ അപലപിക്കുന്നതായി കോൺസുലേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജീവനക്കാർക്കും കോൺസുലേറ്റിൽ എത്തുന്ന മറ്റുള്ളവർക്കും സുരക്ഷാഭീഷണി ഉയർത്തുന്നതാണ് സംഭവമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഓഫിസിലുള്ളവരെ ലക്ഷ്യമിട്ട് ആക്രമി കാർ ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സംഭവത്തെത്തുടർന്ന് കോൺസുലേറ്റ് താൽക്കാലികമായി അടച്ചിട്ടു. സംഭവം ഉചിതമായരീതിയിൽ കൈകാര്യം ചെയ്യാൻ യു.എസ് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.
കാർ ഇടിച്ചുകയറ്റിയതിനെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.