ന്യൂഡൽഹി: സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിൽ പിന്തുണ അറിയിച്ച് ഇന്ത്യ. അതിനായുള്ള സ്വതന്ത്ര ചർച്ചകൾ തുടരണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ ഇന്ത്യയുടെ നയം ദീർഘകാലമായുള്ളതും സുസ്ഥിരവുമാണ്. ഇത്തരത്തിൽ രൂപീകരിക്കുന്ന രാജ്യത്തിന് സുരക്ഷിതമായ അതിർത്തികളും ഇസ്രായേലുമായി സമാധാനപരമായ ബന്ധവും വേണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങിയ ശേഷം പലസ്തീൻ വിഷയത്തിൽ ഇന്ത്യ നടത്തുന്ന ആദ്യ പ്രസ്താവനയാണിത്.