മുംബൈ: ഒളിമ്പിക് ഗെയിംസിന്റെ ഭാവി സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനായി 141-ാമത് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷൻ 14-ന് മുംബൈയിൽ ചേരും. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന സെഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗങ്ങളുടെ പ്രധാന യോഗത്തിനാണ് മുംബൈ വേദിയാകുന്നത്.
ആഗോള സഹകരണം വളർത്തുന്നതിനും കായിക മികവ് ആഘോഷിക്കുന്നതിനും ഐഒസി വേദിയാകും. സൗഹൃദം, ബഹുമാനം, മികവ് എന്നീ ഒളിമ്പിക് ആദർശങ്ങൾ ഉയർത്തുന്നതിനുമുള്ള രാജ്യത്തിന്റെ സമർപ്പണത്തെ ഉൾക്കൊള്ളുന്നതാണ് ഇന്ത്യയിൽ നടക്കുന്ന ഐഒസി സെഷൻ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ചും ഐഒസിയിലെ മറ്റ് അംഗങ്ങളും ഇന്ത്യൻ കായിക രംഗത്തെ പ്രമുഖരും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഉൾപ്പെടെയുള്ള വിവിധ കായിക ഫെഡറേഷനുകളുടെ പ്രതിനിധികളും സെഷനിൽ പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇത് രണ്ടാം തവണയാണ് ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഒളിമ്പിക് ഗെയിംസിന്റെ ഭാവി സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളാണ് ഐഒസി സെഷനിൽ കൈക്കൊള്ളുന്നത്. ഇതിന് മുൻപ് 1983-ൽ ഡൽഹിയിലാണ് ഇന്ത്യയിൽ ഐഒസിയുടെ സെഷൻ നടന്നത്. ഐഒസിയുടെ 86-ാം സെഷനായിരുന്നു അത്.