ഡൽഹി: കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പ്രസ്താവനയെ തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാലസ്തീൻ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സ്ഫോടനമെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രസ്താവന. ഈ അഭിപ്രായത്തെ തള്ളിയാണ് യെച്ചൂരി രംഗത്തു വന്നിരിക്കുന്നത്.
കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാർട്ടി നിലപാട്. എം.വി ഗോവിന്ദൻറേത് ഏത് സാഹചര്യത്തിൽ നടത്തിയ പ്രസ്താവനയാണെന്ന് അറിയില്ല. സ്ഫോടനത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിക്കുകയാണ്. സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള ജനത ഉണർന്ന് പ്രവർത്തിക്കണം- യെച്ചൂരി പറഞ്ഞു.
രാഷ്‌ട്രീയമായി പരിശോധിച്ചാൽ സംഭവം ഭീകരാക്രമണമാണെന്ന് പറയേണ്ടി വരും. അതീവ ഗൗരവമായ സംഭവമാണിത്. ലോകമെമ്പാടും പാലസ്തീനൊപ്പം നിൽക്കുന്നു. കേരളവും പാലസ്തീനൊപ്പം നിന്ന് പോരാടുകയാണ്. അതിനിടെയുണ്ടായ ഈ സംഭവം പാലസ്തീനിൽ നിന്ന് ജനശ്രദ്ധ മാറ്റാനുള്ള നീക്കമാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം കർശന നിലപാട് സ്വീകരിക്കും. സ്ഫോടനത്തെ ഒറ്റക്കെട്ടായി അപലപിക്കുന്നു- എന്നായിരുന്നു കഴിഞ്ഞ ദിവസം എംവി ഗോവിന്ദൻ പറഞ്ഞത്.