തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിക്കേറ്റവർക്ക് ഒപ്പം നിൽക്കേണ്ട സമയമാണിത്. വിവാദങ്ങൾക്ക് മറുപടിയില്ല. അന്വേഷണ ഏജൻസികളിൽ വിശ്വാസമുണ്ട്. നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. സംഭവത്തിൽ ക്യത്യമായ അന്വേഷണം നടക്കുമെന്ന് ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള പ്രതികരിച്ചു. മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രിയുടെയും അഭിപ്രായങ്ങളിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ ഒക്ടോബർ 29നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആസൂത്രണം തന്റേത് മാത്രമെന്ന് ഡൊമിനിക് മാർട്ടിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്ഫോടനം നടത്തിയത് താൻ ഒറ്റയ്ക്കാണ്. പക മൂലമാണ് അക്രമം നടത്തിയതെന്നും പ്രതി പറഞ്ഞു.
വീട്ടിൽ വെച്ചാണ് സ്ഫോടക വസ്തു തയ്യാറാക്കിയത്. രണ്ട് മാസം മുമ്പേ സ്ഫോടനത്തിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ യൂട്യൂബ് നോക്കി പഠിച്ചു. സ്ഫോടനത്തിന്റെ തലേദിവസം ബോംബ് നിർമ്മിച്ചു. പുലർച്ചെ അഞ്ചരയ്ക്ക് തമ്മനത്തെ വീട്ടിൽ നിന്ന് ഇറങ്ങി. രാവിലെ ഏഴരയോടെ സാമ്ര കൺവൻഷൻ സെന്ററിലെ പ്രാർത്ഥനാ ഹാളിലെത്തി. സ്കൂട്ടറിലാണ് എത്തിയത്. കസേരകൾക്കിടയിലാണ് ബോംബ് വെച്ചത് ടിഫിൻ ബോക്സിലല്ല. നാല് റിമോട്ടുകൾ വാങ്ങിയിരുന്നു അതിൽ രണ്ടെണ്ണം മാത്രമാണ് ഉപയോഗിച്ചതെന്നും ഡൊമിനികിന്റെ മൊഴിയിലുണ്ട്. ബോംബിനൊപ്പം പെട്രോളും വച്ചിരുന്നതായും പ്രതി മൊഴി നൽകിയിട്ടുണ്ട്.