ഗസ്സ: തങ്ങൾ തടവിലാക്കിയ മൂന്ന് ഇസ്രായേലി സ്ത്രീകളുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനികളെ മോചിപ്പിച്ച് തങ്ങളുടെ മോചനം ഉറപ്പാക്കണമെന്ന് ഇവർ ഇസ്രായേൽ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നതാണ് വിഡിയോയിലുള്ളത്.
76 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ക്ലിപ്പെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ‘നിങ്ങൾ ഞങ്ങളെ കൊലക്ക് കൊടുക്കുകയാണോ? കൊല്ലപ്പെട്ട ഇസ്രായേലികളുടെ എണ്ണം മതിയായില്ലേ?’ എന്ന് ബന്ദികളിൽ ഒരാൾ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് ചോദിക്കുന്നുണ്ട്.
ഒക്‌ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിൽനിന്ന് പൗരൻമാരെ സംരക്ഷിക്കുന്നതിൽ ഇസ്രായേലി സർക്കാർ പരാജയപ്പെട്ടതായും ബന്ദിയായ സ്ത്രീ ഹീബ്രു ഭാഷയിൽ പറയുന്നു. “ഒക്‌ടോബർ ഏഴിന്റെ നിങ്ങളുടെ രാഷ്ട്രീയ, സൈനിക പരാജയത്തിന്റെ ഉത്തരവാദിത്തം ഞങ്ങളാണ് ചുമക്കുന്നത്. സൈന്യമോ മറ്റാരെങ്കിലുമോ ഞങ്ങളെ സംരക്ഷിക്കാനെത്തിയില്ല. ഞങ്ങൾ ഇസ്രായേലിന് നികുതി അടക്കുന്ന നിരപരാധികളായ പൗരന്മാരാണ്. ഞങ്ങൾ മോശമായ അവസ്ഥയിൽ തടവിലാണ്. നിങ്ങൾ ഞങ്ങളെ കൊല്ലുകയാണ്. നിങ്ങൾ ഞങ്ങളെ കൊലക്ക് കൊടുക്കുകയാണോ? എല്ലാവരെയും കൊന്നത് മതിയായില്ലേ? ഇതുവരെ കൊല്ലപ്പെട്ട ഇസ്രായേൽ പൗരന്മാരുടെ എണ്ണം മതിയായില്ലേ?’ -ബന്ദിയാക്കപ്പെട്ട സ്ത്രീ ചോദിക്കുന്നു.
“ഞങ്ങളെ ഉടൻ മോചിപ്പിക്കൂ. അവരുടെ പൗരന്മാരെയും വിട്ടയക്കൂ. അവരിൽനിന്ന് പിടികൂടി തടവിലാക്കിയവരെ മോചിപ്പിക്കൂ, ഞങ്ങളെ എല്ലാവരെയും മോചിപ്പിക്കൂ.. ഞങ്ങൾ ഞങ്ങളുടെ കുടുംബങ്ങളിലേക്ക് മടങ്ങട്ടെ…! ”
അതേസമയം, വിഡിയോ ഹമാസിന്റെ ക്രൂരമായ മനഃശാസ്ത്ര പ്രചരണമാണെന്ന് ഇസ്രായേൽ പ്രതികരിച്ചു. തട്ടിക്കൊണ്ടുപോയവരെയും കാണാതായവരെയും വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ തങ്ങൾ എല്ലാം ചെയ്യുമെന്നും നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. കുറഞ്ഞത് 239 പേരെ ഹമാസ് ബന്ദികളാക്കിയതായാണ് ഇസ്രായേൽ പറയുന്നത്.