ന്യൂഡല്‍ഹി: പണമില്ലായ്മയാല്‍ വലയുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അതിനാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യവ്യാപകമായി സംഭാവന പിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അടുത്ത മാസം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമായിരിക്കും കോണ്‍ഗ്രസ് സംഭാവന പ്രചരണം ആരംഭിക്കുക. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ 25 പാര്‍ട്ടികളുടെ സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്.
തിരഞ്ഞെടുപ്പിനായി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ കോണ്‍ഗ്രസിന് കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നുള്ള സംഭാവനയില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. ബിജെപിയ്ക്കാണെങ്കില്‍ സംഭാവനയുടെ അളവില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായത്. മറ്റ് ദേശീയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ച സംഭാവനയേക്കാള്‍ കുറഞ്ഞത് മൂന്നിരട്ടി അധികമാണ് ബിജെപിക്ക് ലഭിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മറ്റെല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കാകെ ലഭിച്ചതിനേക്കാള്‍ 18 ഇരട്ടി തുകയാണ് ബിജെപിക്ക് സംഭാവനയായി ലഭിച്ചത്.
സംഭാവനകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന ആംആദ്മി പാര്‍ട്ടി ശൈലി സ്വീകരിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തും കോണ്‍ഗ്രസ് ഈ ശൈലി സ്വീകരിച്ചിരുന്നു.