മനാമ: ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്റൈൻ വിഛേദിച്ചു. ഇസ്രായേലിലെ തങ്ങളുടെ സ്ഥാനപതിയെ രാജ്യം തിരിച്ചുവിളിച്ചിട്ടുണ്ട്. ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം താൽക്കാലികമായി നിർത്തിവെക്കാനും തീരുമാനിച്ചു. ബഹ്‌റൈനിലെ ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടതായും ബഹ്റൈൻ പാർലമെന്റ് സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രായേൽ ഗസ്സയിലെ നിരപരാധികളും സാധാരണക്കാരുമായ ജനങ്ങൾക്കുനേരെ തുടരുന്ന സൈനിക നടപടിയിൽ പ്രതിഷേധിച്ചാണ് നടപടി. ഫലസ്‌തീനിയൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ബഹ്റൈൻ സ്വീകരിച്ചിട്ടുള്ളതെന്നും പാർലമെന്റ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
ഇസ്രായേൽ തുടരുന്ന സൈനിക നടപടി, ഗസ്സയിലെ സാധാരണക്കാരും നിഷ്കളങ്കരുമായ ജനതയുടെ ജീവൻ സംരക്ഷിക്കാനായി കൂടുതൽ തീരുമാനങ്ങളും നടപടികളും ആവശ്യപ്പെടാൻ പ്രേരിപ്പിക്കുന്നതായും പാർലമെന്റ് ചൂണ്ടിക്കാട്ടി. എബ്രഹാം കരാറിന്റെ ഭാഗമായി 2020-ലാണ് രാജ്യം ഇസ്രായേലുമായി ഔദ്യോഗികമായി ബന്ധം സ്ഥാപിച്ചത്.