പത്തനംതിട്ട: തൃശൂർ കേരളവർമ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു ചെയര്‍മാൻ സ്ഥാനാർഥി ശ്രീക്കുട്ടനെ റീ കൗണ്ടിങ് നടത്തി തോൽപിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. റീ കൗണ്ടിങ് രാത്രിയില്‍ പാടില്ലെന്നും രാവിലത്തേക്ക് മാറ്റണമെന്നും കെ.എസ്.യു അഭ്യർഥിച്ചു. എന്നാൽ, കോളജ് മാനേജറായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാത്രി റീ കൗണ്ടിങ് നടത്തേണ്ടി വന്നെന്നാണ് അധ്യാപകര്‍ പറഞ്ഞത്.
അർധരാത്രി റീ കൗണ്ടിങ്ങിനിടെ രണ്ടുതവണ വൈദ്യുതി പോയി. ഇതിന് പിന്നാലെ എതിർ സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിച്ചു. ജയിച്ച ശ്രീക്കുട്ടനെ ഇവർ തോൽപിച്ചു. ശ്രീകുട്ടന്റെ കണ്ണിലാണ് ഇരുട്ട്. പക്ഷേ, ഈ ക്രൂരകൃത്യം ചെയ്തവരുടെ മനസ്സിലാണ് ഇരുട്ടെന്ന് കേരളത്തിന് ബോധ്യമായി. ഇതിനെ നിയമപരമായി കെ.എസ്.യു നേരിടും -വി.ഡി. സതീശൻ പറഞ്ഞു.