ന്യൂഡൽഹി: ഇറ്റാലിയൻ പ്രസിഡന്റ് സെർജിയ മറ്റാരെല്ലയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധം, സൈബർ സുരക്ഷ, തീവ്രവാദം എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇറ്റാലിയൻ പ്രധാനമന്ത്രി അന്റോണിയോ തജാനിയുടെ ക്ഷണപ്രകാരമാണ് നാല് ദിവസത്തെ സന്ദർശനത്തിനായി എസ് ജയശങ്കർ ഇറ്റലിയിലെത്തിയത്. ഇന്ത്യ-ഇറ്റലി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇറ്റാലിയൻ പ്രസിഡന്റ് ശക്തമായ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ജയശങ്കർ എക്‌സിൽ കുറിച്ചു.
ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇറ്റാലിയൻ പ്രതിരോധ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതിരോധം, സുരക്ഷാ നടപടികൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി ജയശങ്കർ എക്‌സിൽ കുറിച്ചു. എസ് ജയശങ്കറിന്റെ ഇറ്റലി സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുകയും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഇറ്റാലിയൻ പ്രസിഡന്റ് സെർജിയ മറ്റാരെല്ലാ പറഞ്ഞു.