ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് എബിപി-സി വോട്ടര്‍ സര്‍വ്വേഫലം. 44 ശതമാനം വോട്ടുകള്‍ നേടി കോണ്‍ഗ്രസ് 118-130 സീറ്റില്‍ വരെ വിജയിക്കുമെന്നാണ് സര്‍വ്വേഫലം. സംസ്ഥാനം ഭരിക്കുന്ന ബിജെപി 42.1 ശതമാനം സീറ്റുകള്‍ നേടി 99 -111 സീറ്റുകളില്‍ വിജയിക്കും. ആകെ 230 സീറ്റിലേക്കാണ് മത്സരം.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ. 42.4 ശതമാനം പേര്‍ കമല്‍നാഥിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നത്. നിലവിലെ മുഖ്യമന്ത്രിയായ ശിവരാജ്‌സിംഗ് ചൗഹാന് 38 ശതമാനം പിന്തുണ മാത്രമേ ലഭിച്ചിട്ടുള്ളൂ.
ശിവരാജ് സിംഗ് ചൗഹാനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ടോയെന്ന ചോദ്യത്തോട് 55.4 ശതമാനം പേരും ഉണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 38.4 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാരില്‍ അതൃപ്തിയില്ലെന്നും ചൗഹാന്‍ തുടരട്ടെയെന്നും അഭിപ്രായപ്പെട്ടത്. 6.1 ശതമാനം പേര്‍ സര്‍ക്കാരില്‍ അതൃപ്തിയുണ്ടെന്നും ഭരണമാറ്റം ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടു.