തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ കെഎസ്‌യു മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുട്ടികളെ അടിച്ചമർത്തി സമാധാനത്തോടെ ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് പ്രവർത്തകരെ തല്ലി ചതച്ചത്. നസിയ മുണ്ടപ്പള്ളിയുടെ മൂക്ക് അടിച്ചു തകർത്ത പൊലീസുകാരനെതിരെ നടപടി വേണം. ഇവനൊന്നും മക്കൾ ഇല്ലെ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് പൊലീസ് നടപടിയെ അതെ നാണയത്തിൽ നേരിടുമെന്നും പറഞ്ഞു.
പൊലീസിന്റെ നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്. ലാത്തി ചാർജ്ജിനിടയിൽ അറിയാതെ സംഭവിക്കുന്നതല്ല. മനപൂർവ്വം ആക്രമിച്ചതാണ്. വനിതാ പൊലീസുകാരിയോട് സംസാരിച്ച് നിൽക്കുമ്പോഴാണ് അടിയേറ്റത്. മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് ചെയ്യാൻ പാടില്ലേ എന്നും വി ഡി സതീശൻ ചോദിച്ചു. സിപിഐഎമ്മുകാർ പ്രതിപക്ഷത്തിരുന്നപ്പോൾ എത്ര തവണ ഉമ്മൻ ചാണ്ടിയുടെ വീട്ടിലേക്കും മറ്റ് മന്ത്രിമാരുടെ വീട്ടിലേക്കും മാർച്ച് നടത്തിയിരിക്കുന്നുവെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു മാർച്ച്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് നരനായാട്ട് നടത്തിയെന്നാണ് കെഎസ്‌യുവിൻ്റെ ആരോപണം. വനിതാ സംസ്ഥാന ഭാരവാഹികളെ അടക്കം ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു.
സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
രണ്ട് തവണയാണ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സംഘർഷത്തിൽ കെഎസ്‍യു സംസ്ഥാന സെക്രട്ടറി നസിയയുടെ മൂക്കിന് പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റു. തടയാൻ ശ്രമിച്ച പ്രവർത്തകന്റെ തലപൊട്ടി. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കുകയും ചെയ്തിരുന്നു. പിരിഞ്ഞുപോയവരെ പൊലീസ് അറസ്റ്റു ചെയ്തുവെന്ന് കെഎസ്‍യു പ്രവർത്തകർ ആരോപിച്ചു.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിഷയത്തിന്റെ ഗൗരവം മുന്നിൽകണ്ട് പ്രതിഷേധ മാർച്ചുകൾ, പ്രകടനങ്ങൾ തുടങ്ങിയവ നടത്താനും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സംഘടന ഘടകങ്ങളോട് ആവശ്യപ്പെട്ടു.