തിരുവനന്തപുരം: തെലങ്കാന നിയമസഭാ തിരഞ്ഞടുപ്പ് ചുമതല രമേശ് ചെന്നിത്തലയെ ഏൽപ്പിച്ച് കോൺഗ്രസ്. എഐസിസി പ്രത്യേക നിരീക്ഷകനായി രമേശ് ചെന്നിത്തലയെ നിയമിച്ചു.
തെലങ്കാനയിൽ കോൺഗ്രസ്-സിപിഐ കൂട്ടുകെട്ട് ഒന്നിച്ചാണ് മത്സരിക്കുക. കോൺഗ്രസിനൊപ്പം തെലങ്കാനയിൽ സഖ്യമില്ലെന്ന് സിപിഐഎം വ്യക്തമാക്കിയതിന് പിന്നാലെയാണ് സിപിഐയുടെ നിർണായക തീരുമാനം വന്നത്. കോൺഗ്രസ് സഖ്യത്തിൽ സിപിഐക്ക് മത്സരിക്കാൻ ഒരു സീറ്റും ലഭിച്ചു.
കോൺഗ്രസ് സിറ്റിംഗ് സീറ്റായ കൊത്തഗുഡം മണ്ഡലമാണ് സിപിഐക്ക് നൽകിയത്. പോനംനേനി സാംബശിവറാവു ആണ് കോൺഗ്രസ് പിന്തുണയോടെ കൊത്തഗുഡം മണ്ഡലത്തിൽ മത്സരിക്കുക. തെലങ്കാന തിരഞ്ഞെടുപ്പിനായി വിപുലമായ തയ്യാറെടുപ്പുകളാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്.
അതേസമയം, രാഹുൽ ഗാന്ധിയാണ് നരേന്ദ്രമോദിയുടെ ഏറ്റവും വലിയ സ്വത്തെന്ന് ബിആർഎസ് നേതാവ് കെ ടി രാമറാവു പരിഹസിച്ചു. ‘രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയെ പരാജയപ്പെടുത്താൻ പ്രാപ്തരല്ല. അങ്ങനെയാണെങ്കിൽ അവർ അത് തെളിയിക്കേണ്ടത് ഉത്തർപ്രദേശിലും ബിഹാറിലും ഗുജറാത്തിലുമാണ്. ഇവിടെ (തെലങ്കാന) അദ്ദേഹത്തിന് (രാഹുൽ) എതിരിടാനുള്ളത് ഒരു പാർട്ടിയെയാണ്, അതാവട്ടെ ബിജെപിയെ തോൽപ്പിക്കാൻ കെല്പുള്ളതുമാണ്. ഈ സമീപനം കൊണ്ടാണ് ഞാൻ പറയുന്നത് രാഹുലാണ് മോദിയുടെ ഏറ്റവും വലിയ സ്വത്തെന്ന്’. കെടിആർ പരിഹസിച്ചു.
തെലങ്കാന തിരഞ്ഞെടുപ്പിനെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളതെന്നും സ്വന്തം റെക്കോഡ് തിരുത്താൻ ബിആർഎസ് കാത്തിരിക്കുകയാണെന്നും രാമറാവു പറഞ്ഞു. ‘തുടർച്ചയായി രണ്ടു വട്ടം ജനങ്ങൾ ഞങ്ങളെ അധികാരത്തിലെത്തിച്ചു. അതേ വികാരമാണ് ജനങ്ങൾക്ക് ഇപ്പോഴുമുള്ളത്. മുൻകാല റെക്കോഡുകൾ ഞങ്ങൾ തിരുത്തിക്കുറിക്കുമെന്നാണ് പ്രതീക്ഷ’- കെ ടി രാമറാവു പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.