തിരുവനന്തപുരം : കേരളാ മന്ത്രിസഭാ പുനഃസംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. കേരളാ കോൺഗ്രസ് (ബി) എംഎൽഎ ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മാറ്റമുണ്ടാകുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ബി ഇടത് മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടു. മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതോടെ മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു. ഡിസംബർ അവസാനത്തോടെ മന്ത്രിസഭാ പുനഃസംഘടന നടപ്പാക്കാനാണ് തീരുമാനം.
രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) കഴിഞ്ഞ ദിവസം എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നായിരുന്നു ആവശ്യം. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേഷ് കുമാറിനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്. ഇതാണ് ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്.