നയ്പിഡാവ്: മ്യാന്മറിലെ തദ്ദേശീയ സായുധ ഗ്രൂപ്പുകളുടെ സഖ്യവും പട്ടാളവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ 90,000ത്തോളം പേർ കുടിയിറക്കപ്പെട്ടതായി യു.എൻ.ഷാൻ സംസ്ഥാനത്താണ് ഏറ്റുമുട്ടൽ. മ്യാന്മറിലെ ഏറ്റവും ശക്തരായ ‘ത്രീ ബ്രദർഹുഡ് അലയൻസ്’ എന്ന സായുധ സഖ്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡസനോളം സൈനിക ഔട്ട് പോസ്റ്റുകൾ ആക്രമിച്ചത്.
ഷാനിൽ 50,000 പേരും സഗായ്ങ് മേഖലയിലും കചിൻ സംസ്ഥാനത്തുമായി 40,000 പേരുമാണ് കുടിയിറക്കപ്പെട്ടത്. മ്യാന്മറിന്റെ ചൈനയോട് ചേർന്ന അതിർത്തിയിലാണ് ഷാൻ സംസ്ഥാനം. ഇവിടത്തെ അതിർത്തിനഗരം സായുധസംഘം പിടിച്ചെടുത്തു. 2021 ഫെബ്രുവരിയിൽ ഓങ് സാൻ സൂചി ഭരണകൂടത്തിൽനിന്ന് അധികാരം പിടിച്ച സൈന്യത്തിന് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൈന്യത്തിന്റെ ഏകാധിപത്യ ഭരണം തുടച്ചുനീക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്രദർഹുഡ് പറയുന്നു. അതിർത്തി മേഖലകളിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെയും നടപടിയുണ്ടാകുമെന്ന് ഇവർ വ്യക്തമാക്കി. സായുധ ഗ്രൂപ്പുകളെ പിടിച്ചുകെട്ടിയില്ലെങ്കിൽ രാജ്യം പലതായി വിഭജിക്കപ്പെടുമെന്ന് സൈനിക ഭരണകൂടം പ്രതിഷ്ഠിച്ച പ്രസിഡന്റ് മിയിന്റ് സുവെ രാജ്യത്തിന്റെ സുരക്ഷാ സമിതി യോഗത്തിൽ പറഞ്ഞു. ഒക്ടോബർ 26 മുതലാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. കുടിയിറക്കപ്പെട്ട ആളുകൾ മിക്കവരും ആരാധനാ കേന്ദ്രങ്ങളിലാണ് അഭയം തേടിയത്.
ചൈനക്ക് വലിയ സൈനിക-നയതന്ത്ര താൽപര്യങ്ങളുള്ള രാജ്യമാണ് മ്യാന്മർ എന്നതിനാൽ അതിർത്തി മേഖലകളിലെ സംഘർഷം കാര്യക്ഷമമായി കൈകാര്യംചെയ്യണമെന്ന് അവർ സൈനിക ഭരണകൂടത്തോട് നിർദേശിച്ചതായാണ് വിവരം. മ്യാന്മർ കാര്യമായി ആയുധം വാങ്ങുന്നത് ചൈനയിൽ നിന്നാണ്. മ്യാന്മറിലെ ഊർജമേഖലയിൽ ചൈന വൻ നിക്ഷേപവും നടത്തിയിട്ടുണ്ട്.