വാഷിംഗ്ടണ്‍: യു.എസ്, കനേഡിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് ചെയ്ത മെഡിക്കല്‍ അവസ്ഥയായ ഹവാന സിന്‍ഡ്രോം കേസുകള്‍ക്ക് പിന്നില്‍ റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗമായ ജിആര്‍യു യൂണിറ്റ് 29155 ആണെന്ന് റിപ്പോര്‍ട്ട്. സിബിഎസ് ന്യൂസ് ഡോക്യുമെന്ററി സംഘവും
ഇന്‍സൈഡര്‍, ഡെര്‍ സ്പീഗല്‍ എന്നീ പ്രസിദ്ധീകരണങ്ങളും അഞ്ചുവര്‍ഷമായി നടത്തിയ അന്വേഷണത്തിലാണ് ഈ രോഗാവസ്ഥയ്ക്കുപിന്നില്‍ റഷ്യന്‍ ചാരഏജന്‍സി ആയേക്കാമെന്ന നിഗമനത്തില്‍ എത്തിയത്.
യുഎസ് നയതന്ത്രജ്ഞര്‍, ചാരന്മാര്‍, കരാറുകാര്‍, അവരുടെ കുടുംബങ്ങള്‍ എന്നിങ്ങനെ 1,000 ത്തോളം ആളുകളെയാണ് രോഗം ബാധിച്ചത്.
കേള്‍വിക്കുറവ്, ഉറക്കമില്ലായ്മ, ഓര്‍മ്മക്കുറവ്, ബാലന്‍സ് നഷ്ടപ്പെടല്‍, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ എന്നിവയുള്‍പ്പെടെ നിരവധി നിഗൂഢമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇരകള്‍ അനുഭവിക്കുന്നത്.
രോഗബാധിതരുടെ ചെവിയില്‍ വേദനയും തലയ്ക്കുള്ളില്‍ ശക്തമായ മര്‍ദവും അനുഭവപ്പെടുന്നതായി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സമാന ലക്ഷണങ്ങള്‍ നിരവധി പേരില്‍ കണ്ടെത്തിയത്.
ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ യുഎസ് എംബസിയിലെ ജീവനക്കാര്‍ 2016 ല്‍ ഈ രോഗത്തെക്കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് രോഗത്തിന് ‘ഹവാന സിന്‍ഡ്രോം’ എന്ന് പേരിട്ടത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, റഷ്യയുടെ ജിആര്‍യു യൂണിറ്റ് 29155 ലെ അംഗങ്ങള്‍ അവരുടെ ഇരകളുടെ തലച്ചോറിനെ ലക്ഷ്യമിടാന്‍ റേഡിയോ ഫ്രീക്വന്‍സികള്‍ ഉപയോഗിച്ച് സോണിക് ആയുധങ്ങള്‍ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു.
റഷ്യയുടെ ഇടപെടല്‍ മറച്ചുവെക്കാന്‍ വാഷിംഗ്ടണ്‍ ശ്രമിച്ചുവെന്ന് ഈ ആക്രമണങ്ങളുടെ ഇരകളും അവകാശപ്പെട്ടു.
അതേസമയം, യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) അടുത്തിടെ നടത്തിയ വിപുലമായ പഠനത്തില്‍ ഹവാന സിന്‍ഡ്രോമിന് ക്ലിനിക്കല്‍ വിശദീകരണമൊന്നും കണ്ടെത്തിയില്ല. ഇത് രോഗത്തിന്റെ രഹസ്യ സ്വഭാവത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതാണ്.
ഹവാനയ്ക്ക് മുമ്പ് ഫ്രാങ്ക്ഫര്‍ട്ട്? ആദ്യ കേസുകള്‍ 2014 മുതല്‍
അന്വേഷണമനുസരിച്ച്, പിന്നീട് ഹവാന സിന്‍ഡ്രോം എന്നറിയപ്പെട്ടതിന്റെ ആദ്യ കേസുകള്‍ 2014-ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിലയുറപ്പിച്ച നാല് അമേരിക്കക്കാര്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്.
ഉക്രെയ്‌നിലെ സിഐഎ ഉദ്യോഗസ്ഥരും സമാനമായ പരാതികള്‍ ആ വര്‍ഷം തന്നെ ഉന്നയിച്ചിരുന്നു.
തലച്ചോറിന്റെ ഓഡിറ്ററി, വെസ്റ്റിബുലാര്‍ സിസ്റ്റത്തിന് പരിക്കേറ്റതിന്റെ വ്യക്തമായ തെളിവാണ് തങ്ങള്‍ കണ്ടെത്തിയതെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ.റെല്‍മാന്‍ പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഒലിവിയ ട്രോയിയെ വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് രോഗം ബാധിച്ചിരുന്നു. ഹവാന സിന്‍ഡ്രോമിന്റെ ഇരകളില്‍ ഒരാളായി ഒലിവിയ ട്രോയിയെ അന്വേഷണ റിപ്പോര്‍ട്ട് എടുത്തുപറഞ്ഞിട്ടുണ്ട്.
‘എന്റെ തലയുടെ വശത്ത് തുളച്ചുകയറുന്നത് പോലെയായിരുന്നു തോന്നിയത്. അത് തലയുടെ വലതുവശത്തായിരുന്നുവെന്നും് ഞാന്‍ ഓര്‍ക്കുന്നു, എനിക്ക് വെര്‍ട്ടിഗോ പോലെയായി-അവര്‍ പറഞ്ഞു.
ജോര്‍ജിയന്‍ തലസ്ഥാനമായ ടിബിലിസിയില്‍ ജോലി ചെയ്യുന്ന മറ്റൊരു ഇര, താന്‍ തുളയ്ക്കുന്ന ശബ്ദം കേട്ടത് എങ്ങനെയെന്ന് വിവരിച്ചു.
അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ ക്രിസ്റ്റോ ഗ്രോസെവ് ആല്‍ബര്‍ട്ട് അവെരിയാനോവ് ആണ് ലേസര്‍ ഉപയോഗിച്ച് തന്നെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞു.
29155 യൂണിറ്റിന്റെ സ്ഥാപകന്റെ മകനാണ് അവെരിയാനോവ് എന്നാണ് റിപ്പോര്‍ട്ട്.
ജോര്‍ജിയന്‍ തലസ്ഥാനമായ ടിബിലിസിയിലെ ഹവാന സിന്‍ഡ്രോമിന് ഇരയായ പെണ്‍കുട്ടി അവെരിയാനോവിനെ തന്റെ വീടിന് പുറത്ത് കാറില്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്.
രോഗം യൂണിറ്റ് 29155 ന്റെ സൃഷ്ടിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി;
യുഎസ് സര്‍ക്കാര്‍ സത്യം മറച്ചുവെച്ചതായി ആരോപണം.
യുഎസ് സര്‍ക്കാര്‍ സത്യം മറച്ചുവെക്കുകയാണെന്ന് ഇരകളില്‍ പലര്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകന്‍ മാര്‍ക്ക് സെയ്ദ് ആരോപിച്ചു.
”ഈ ആക്രമണങ്ങളുടെ യഥാര്‍ത്ഥ വിശദാംശങ്ങള്‍ മറച്ചുവെക്കാന്‍ നമ്മളുടെ സര്‍ക്കാര്‍ എത്രമാത്രം പരിശ്രമിച്ചുവെന്ന് കാണുന്നത് വളരെ വേദനാജനകമാണ്. ആക്രമണത്തിനുപിന്നില്‍ ഒരു വിദേശ എതിരാളിയാണെന്ന് സംശയമില്ലാത്തവിധം ഉറപ്പുണ്ടായിട്ടും യുഎസ് സര്‍ക്കാര്‍ സംഭവം മറച്ചുവെച്ചെന്ന് സെയ്ദിനെ ഉദ്ധരിച്ച് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ യുഎസ് ഓഫീസ് സെയ്ദിന്റെ നിഗമനത്തെ എതിര്‍ത്തു.
ഹവാന സിന്‌ഡ്രോമുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ‘ഒരു വിദേശ എതിരാളി ഉള്‍പ്പെടാത്ത ഘടകങ്ങളുടെ ഫലമാണ്’ എന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ യുഎസ് ഓഫീസ് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.