ഭോപ്പാൽ/ റായ്പൂർ: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെയും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പിന്റെയും പരസ്യ പ്രചാരണവും അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണത്തിന്‍റെ ദിവസമാണ്. നവംബർ 17നാണ് രണ്ടിടത്തും വോട്ടെടുപ്പ് നടക്കുക. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.
മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര കടന്നു പോയ 21 സീറ്റുകളിൽ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ പാതിവഴിയിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.
ഛത്തീസ്ഗഢിൽ ഭരണവിരുദ്ധ വികാരമില്ലാത്തതും പ്രീപോൾ സർവേകളിലെ മുൻതൂക്കവുമെല്ലാം നൽകിയ ആത്മവിശ്വാസത്തിലാണ് ഭൂപേഷ് ബാഘേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്. ഇത് തുടക്കം മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന് ഏറെ മുൻതൂക്കം നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഛത്തിസ്ഗഢിൽ അവസാനഘട്ട പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു. നവംബർ ഏഴിനാണ് 20 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്.