മുംബൈ: തെന്നിന്ത്യൻ നടി രശ്മികയ്ക്ക് പിന്നാലെ ഡീഫ് ഫെയ്കിന്റെ ഇരയായി ബോളിവുഡ് താരം കാജോൾ. നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ ഇംഗ്ലീഷ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ റോസി ബ്രീനിന്റെ വീഡിയോ ദൃശ്യമാണ് കാജോളിന്റേതാക്കിയാണ് പ്രചരിപ്പിക്കുന്നത്. കാജോൾ വസ്ത്രം മാറുന്ന രീതിയിലാണ് വീഡിയോ.
വേനൽക്കാലത്ത് ധരിക്കാവുന്ന ചെലവു കുറഞ്ഞ വസ്ത്രങ്ങളെ കുറിച്ചുള്ള വീഡിയോയിലാണ് കാജോളിന്റെ മുഖം മോർഫ് ചെയ്തു ചേർത്തത്. ജൂൺ അഞ്ചിന് ടിക് ടോകിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണിത്.
വിഷയത്തിൽ കാജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ എഐ ഉപയോഗിച്ച് നടി രശ്മിക മന്ദാനയുടെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ സാറ പട്ടേലിന്റെ മുഖത്തിന് പകരമാണ് രശ്മികയുടെ മുഖം മോർഫ് ചെയ്ത് വച്ചിരുന്നത്. സംഭവത്തിൽ 19കാരനെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ചോദ്യം ചെയ്തിരുന്നു.
രശ്മികയുടെ ഫെയ്ക് വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കേന്ദ്ര ഇലക്ട്രോണിക് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസയച്ചിരുന്നു. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം മൂന്നു വർഷം വരെ തടവും ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
എന്താണ് ഡീപ് ഫെയ്ക്
ഇന്റർനെറ്റിൽ ലഭ്യമായ ചിത്രമോ വീഡിയോയോ ഓഡിയോയോ എടുത്ത് ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ, യഥാർഥമെന്ന് തോന്നിക്കുന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു കണ്ടന്റ് നിർമിക്കുന്നതാണ് ഡീപ് ഫെയ്ക്. യഥാർഥവും വ്യാജവും തിരിച്ചറിയാൻ വേഗത്തിൽ തിരിച്ചറിയില്ല എന്നതാണ് ഡീപ് ഫെയ്കിന്റെ സവിശേഷത. ന്യൂറൽ നെറ്റ്‌വർക് ഉപയോഗിച്ച് ഒരാളുടെ മുഖത്തെ വിവിധ പോയിന്റുകളെ ഗണിതശാസ്ത്രപരമായി വിലയിരുത്തുകയും തുടർന്ന് അതിനു മുകളിൽ മറ്റൊരു മുഖം നിർമിച്ചെടുക്കുകയുമാണ് ചെയ്യുന്നത്.
സൈബർ കുറ്റകൃത്യത്തിനാണ് ഡീപ് ഫെയ്ക് ഉപയോഗിക്കുന്നത്. സമാന രീതിയിലുള്ള വ്യാജ ശബ്ദം ഉണ്ടാക്കുന്നത് വോയ്‌സ് മാച്ചിങ് എന്നാണ് പറയുന്നത്. യുഎസ് മുൻ പ്രസിഡണ്ട് ബറാക് ഒബാമ മുതൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വരെ ഡീപ് ഫെയ്കിന്റെ ഇരകളാണ്.