തിരുവനന്തപുരം:കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തെ ചൊല്ലി മുസ്ലീം ലീഗിലും പൊട്ടിത്തെറി. മുസ്ലീംലീഗ് എംഎൽഎ പി അബ്ദുൾ ഹമീദ് ഭരണ സമിതി അംഗമായതിൽ കോൺഗ്രസിനകത്തും യുഡിഎഫിലും രൂക്ഷമായ അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് എതിരഭിപ്രായം തുറന്ന് പറഞ്ഞ് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തിയത്. പ്രതിപക്ഷത്തെ പൊട്ടിത്തെറി ഭാവിയിൽ വലിയ രാഷ്ട്രീയ ലാഭം ഉണ്ടാക്കുമെന്ന കണക്കുകൂട്ടലാണ് സിപിഎമ്മും എൽഡിഎഫും. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലത്തില്‍ കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പാര്‍ട്ടി തലത്തില്‍ കൂടിയാലോചന നടക്കാത്തതിനാല്‍ അതിന് മുമ്പ് പ്രതികരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സാദിഖലി തങ്ങളുമായി കൂടിയാലോചിച്ച് നിലപാട് പറയുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സഹകരണത്തിൽ രാഷ്ട്രീയമില്ലെന്ന് നേതൃത്വം എത്ര ന്യായീകരിച്ചാലും മുസ്ലീം ലീഗിനകത്ത് ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. പി അബ്ദുൾ ഹമീദിനെ യൂദാസ് എന്ന് വിശേഷിപ്പിച്ച് മലപ്പുറത്തെ ലീഗ് ഓഫീസിന് മുന്നിൽ പോസ്റ്റർ പതിച്ചതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാവ് ഇടി മുഹമ്മദ് ബഷീര്‍ തന്നെ രംഗത്തെത്തിയത്. പ്രതിപക്ഷത്ത് നിന്ന് സര്‍ക്കാരിനും ഭരണമുന്നണിക്കും എതിരായ നിയമ-രാഷ്ട്രീയ പോരാട്ടം തുടരുമ്പോഴുള്ള പങ്കാളിത്തമാണ് യുഡിഎഫിലെയും വിമർശകരെ ചൊടിപ്പിക്കുന്നത്. കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് ലീഗ് എംഎൽഎ എത്തുന്നതിലെ രാഷ്ട്രീയ ശരികേട് യുഡിഎഫ് ഘടകക്ഷികളും പരസ്യമാക്കുന്നുണ്ട്. എല്ലാറ്റിനെയും പരസ്യമായി എതിർത്ത് ലീഗിനെ എന്നും നിയന്ത്രിക്കുന്നുവെന്ന പഴി ഒഴിവാക്കണമെന്നാണ് കോൺഗ്രസ് ചിന്ത. ഇതിനാല്‍ തന്നെ പരസ്യ വിമര്‍ശനത്തിൽ നിന്ന് കോൺഗ്രസ് നേതൃത്വം ഒഴിഞ്ഞു നിൽക്കുന്നു.
ഇപ്പോൾ സംയമന പാതയിലെങ്കിലും കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം മുന്നണി മാറ്റത്തിനുള്ള പാലമാകുമോ എന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. എങ്ങും തൊടുന്നില്ലെങ്കിലും എതിര്‍ ചേരിയിലെ പൊട്ടിത്തെറി നന്നായി മുതലാക്കുകയാണ് സിപിഎം. നിലപാട് വ്യക്തമാക്കേണ്ടത് ലീഗ് നേതൃത്വമാണെന്നാണ് ഇരുമുന്നണി നേതൃത്വവും ഒരു പോലെ പറയുന്നത്. അത്ര നിഷ്കളങ്കമല്ലാത്ത നീക്കത്തോട് മുസ്ലീം ലീഗ് നേതൃത്വം എടുക്കുന്ന തുടര്‍ സമീപനം മുന്നണി രാഷ്ട്രീയത്തിൽ ചലനങ്ങളുമുണ്ടാക്കും.