കൊച്ചി: നവകേരള സദസ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വിലാപയാത്രയെന്ന് കോണ്‍ഗ്രസ്. സാധാരണക്കാരോട് യാതൊരു പ്രതിബദ്ധതയും ഇല്ലാതെ ഇത്തരം അശ്ലീലം സംഘടിപ്പിക്കുന്ന പ്രസ്ഥാനത്തെ ഇടതുപക്ഷം എന്ന് വിളിക്കാന്‍ സാധിക്കുമോയെന്നും കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി ഇരുപതും ഇരുപത്തിരണ്ടും മണിക്കൂര്‍ നേരിട്ട് ജനങ്ങളെ കണ്ട് അവസാനത്തെ പരാതിയും വാങ്ങിയാണ് ജനസമ്പര്‍ക്ക പരിപാടി നടത്തിയത്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രി ഇരിക്കുന്ന സ്റ്റേജിലേക്ക് ഒരാളെ പോലും കടത്തിവിടരുതെന്ന് മുഖ്യമന്ത്രിയുടെ പി ആര്‍ കമ്പനി പറഞ്ഞിട്ടുണ്ടാവും. അങ്ങനെ വന്നാല്‍ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുമെന്ന ഭയം കമ്പനിക്കുണ്ടാവും. രണ്ട് കോടി രൂപയുടെ ബസാണ് യാത്രക്ക് ഉപയോഗിക്കുന്നത്. സാധാരണക്കാരില്‍ നിന്നും പണം പിരിച്ചാണ് ഇതെല്ലാം. അന്നം മുട്ടി നില്‍ക്കുന്ന സാധാരണ ജനങ്ങളിലേക്ക് അഹങ്കാരത്തിന്റെ മൂര്‍ത്തിയായിട്ടാണ് പി ആര്‍ കമ്പനി വരുന്നത്.’ രാജു പി നായര്‍ പറഞ്ഞു.
ശവമഞ്ചങ്ങളെയും കൊണ്ടാണോ ഈ ബസ് യാത്ര ചെയ്യുന്നതെന്നും രാജു പി നായര്‍ ചോദിച്ചു. ആത്മഹത്യ ചെയ്ത പ്രസാദിന്റേയും ഗോപിയുടേയും ചിത്രം കൂടി ബസിന്റെ മുന്നില്‍വെക്കണം. ഇവരുടെ രക്തസാക്ഷിത്വത്തിന്റെ യാത്രയായി ഇത് മാറ്റട്ടെയെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.