തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കും. പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, ഇടുക്കി ജില്ലകൾക്ക് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
മലയോരമേഖലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യത ഉണ്ട്.
അതേ സമയം, കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ കുമളി മൂന്നാർ സംസ്ഥാന പാതയിൽ മരങ്ങളും മണ്ണും റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്. തൂക്കുപാലത്തിലെ കടകളിലും വീടുകളിലും വെള്ളവും കയറിയിട്ടുണ്ട്.