മാനന്തവാടിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എം. നിഷാന്ത്, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട്, യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷംസീർ അരണപ്പാറ എന്നിവർ ഉൾപ്പെടെ പത്തോളം പേരാണ് അറസ്റ്റിലായത്.
നവകേരള സദസിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വയനാട് പനമരം, കമ്പളക്കാട്, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പനമരത്ത് പ്രതിഷേധവുമായി റോഡിൽ എത്തിയ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. വയനാട് പനമരം കൈതക്കലിൽ സഘർഷവുമുണ്ടായി.
പനമരം കൈതക്കലിൽ മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ ലീഗ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ. പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ നിന്ന ലീഗ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കണ്ണൂർ പഴയങ്ങാടി മാടായിപ്പാറയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചത് വലിയ വിവാദമായിരുന്നു. മാടായിപ്പാറയിലെ നവകേരള സദസ് കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് മുഖ്യമന്ത്രിയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായതും മർദനം നടന്നതും.