കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ (കുസാറ്റ്) നടക്കുന്ന കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് വൈസ് ചാൻസലർ. സാധാരണയിൽ കൂടുതൽ തിരക്ക് അനുഭവപ്പെട്ടതാണ് അപകടകാരണമെന്ന് വൈസ് ചാൻസലര്‍ പറഞ്ഞു. എല്ലാവരും അകത്തേക്ക് കയറണം എന്ന് പറഞ്ഞു. മഴ പെയ്തു തുടങ്ങിയിരുന്നു. എല്ലാവർക്കും അകത്തിരുന്ന് പരിപാടി കാണണം എന്നുണ്ടായിരുന്നത് കൊണ്ടാണ് പെട്ടെന്ന് ഉന്തും തള്ളും ഉണ്ടായത്. അകത്തേക്ക് കയറുന്നതിനിടയിൽ ഉണ്ടായ തള്ളിൽ വിദ്യാർത്ഥികൾ വീണെന്നാണ് പ്രാഥമിക വിവരമെന്ന് വൈസ് ചാൻസലർ പറഞ്ഞു.
ടെക്ഫെസ്റ്റിവലിൻ്റെ ഭാഗമായാണ് ഒരു മ്യൂസിക് പ്രോഗ്രാം നടന്നത്. പരിപാടിയിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു. പുറത്തുണ്ടായിരുന്ന ആളുകൾ അകത്തേക്ക് കടക്കാൻ ശ്രമം നടത്തി. അതിനിടെ സ്റ്റെപ്പിൽ നിന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് മറ്റുള്ളവർ കടന്നുവന്നപ്പോൾ വീഴുകയായിരുന്നു.
‘സുരക്ഷയ്ക്കായി പൊലീസിനെ അറിയിച്ചിരുന്നു. പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മഴ പെയ്യാൻ തുടങ്ങിയപ്പോൾ എല്ലാവരും കൂടി അകത്തേക്ക് പ്രവേശിച്ച് പരിപാടി ആസ്വദിക്കാൻ നിന്നു. ഇവിടുത്തെ എല്ലാ പ്രോഗ്രാമും കാണാനായി പുറത്ത് നിന്ന് ആളുകൾ വരാറുണ്ട്. ടെക്നിക്കൽ ഫെസ്റ്റ് അനുമതിയോടുകൂടി നടത്തിയതാണ്. 2500റോളം പേരുണ്ടായിരുന്നു. ഇന്നലെയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം നടന്നത്. എക്സിബിഷൻ, പ്രൊഫഷനൽ ടോക്ക് തുടങ്ങി നിരവധി പരിപാടികളുണ്ടായിരുന്നു. ഡോക്ടർ ടിപി ശ്രീനിവാസൻ കുട്ടികളോട് വന്ന് കുട്ടികളോട് സംസാരിച്ചിരുന്നു. വലിയ വലിയ ആളുകൾ വന്നുകൊണ്ടിരിക്കുന്നതാണ്.’ വിസി പറഞ്ഞു.
കുസാറ്റ് ഫെസ്റ്റിനിടെ ദുരന്തം: നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
അപകടത്തിൽ 64ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ആംബുലൻസുകളിലായി വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആണ് ധിഷ്ണ എന്ന പേരിൽ ഫെസ്റ്റ് നടത്തിയത്.
വിദ്യാർത്ഥികൾ തലകറങ്ങിവീഴുകയായിരുന്നു. ഗേറ്റ് തുറന്നതോടെ എല്ലാവരും ഒരുമിച്ച് വന്നുവെന്നും ഇതോടെ ആളുകൾ മേൽക്കുമേൽ വീഴുകയായിരുന്നുവെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥികളിലൊരാൾ പറഞ്ഞത്.