കൊച്ചി: കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ നാല് പെൺകുട്ടികളുടെ നില ഗുരുതരമെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ. ഇതിൽ രണ്ട് പേരെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആകെ 46 പേരാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. ഇതിൽ 18 പേർക്ക് പരിക്കുകളുണ്ടെന്നും എഡിജിപി പറഞ്ഞു. എഡിജിപി അപകടം നടന്ന ഓഡിറ്റോറിയത്തിലെത്തി.
മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകളും സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശേരി സ്വദേശി സാറ തോമസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നാല് പേരും രണ്ടാം വർഷ വിദ്യാർത്ഥികളാണ്.
15 പേർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിസ്സാരപരിക്കുകളോടെ വാർഡിൽ അഡ്മിറ്റാണ്. 15 കുട്ടികൾ കിൻഡർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കുട്ടിക്ക് സി ടി സ്കാൻ ചെയ്തിട്ട് ഫലം കാത്തിരിക്കുകയാണ്. രണ്ട് പേർ കിൻഡറിൽ നിന്ന് ഡിസ്ചാർജ് ആയി. ഒരു കുട്ടി സൺറൈസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
കുസാറ്റ് ഫെസ്റ്റിനിടെ ദുരന്തം: നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ധിഷണ എന്ന പേരിൽ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ നടത്തിയ ടെക് ഫെസ്റ്റിനിടെയായിരുന്നു അപകടം. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. മഴ പെയ്തതോടെ ഓഡിറ്റോറിയത്തിലേക്ക് കൂടുതൽ പേർ എത്തുകയും തിരക്കിനിടയിൽ പുറകിൽ നിന്ന് തള്ളിയതോടെ മുമ്പിലുള്ളവർ പടിക്കെട്ടിൽ വീഴുകയും ഇവർക്ക് മുകളിലേക്ക് കൂടുതൽ പേർ വീഴുകയും ചെയ്താണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പറയുന്നത്.