ന്യൂഡൽഹി: ചൈനയിൽ ന്യുമോണിയ പടർന്ന് പിടിക്കുന്ന സാഹചര്യമായതിനാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും മുൻകരുതലുകൾ എടുക്കണമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. സ ആശുപത്രികളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന സർക്കാർ സജ്ജമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ എടുക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
രോഗ വ്യാപനം മുന്നിൽ കണ്ട് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ഹെൽത്ത് സെക്രട്ടറി കത്തയച്ചിട്ടുണ്ട്. ആശുപത്രികളിൽ കിടക്ക, മരുന്നുകൾ, വാക്‌സിനുകൾ, ഓക്‌സിജൻ, ആന്റിബയോട്ടിക്കുകൾ എന്നിവ മതിയായ രീതിയിലുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്നും കത്തിലൂടെ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ തന്നെയാണ് ന്യുമോണിയയുമായി ബന്ധപ്പെട്ടും പാലിക്കേണ്ടത്.
കുട്ടികളിലും പ്രായമായവരിലും രോഗലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ഇന്റഗ്രേറ്റഡ് സർവേയലൻസ് പ്രോജക്ട് യൂണിറ്റുകളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അവരുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവം ശേഖരിച്ച് പരിശോധനാ നടപടികൾ വേഗത്തിലാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഇതിന് വേണ്ടി സംസ്ഥാനങ്ങളിലെ വൈറസ് റിസർച്ച് ഡയഗ്നോസ്റ്റിക് ലബോറട്ടറീസ് സൗകര്യം പ്രയോജനപ്പെടുത്തണമെന്നും കേന്ദ്രം വ്യക്തമാക്കി.