കൊച്ചി: നവകേരള സദസ്സിൻ്റെ ഭാഗമായി സിപിഐഎം വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. സിപിഐഎം പ്രവർത്തകർ നിയമം കയ്യിലെടുക്കുകയാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. യുഡിഫ് പ്രവർത്തകരെ അകാരണമായി കരുതൽതടങ്കൽ വയ്ക്കുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു.
ജോയൽ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പൊലീസിനോട് പറഞ്ഞത് ശ്വാസം മുട്ടുന്നുവെന്നാണെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സംഭവം ചൂണ്ടിക്കാണിച്ച് വി ഡി സതീശൻ പറഞ്ഞു. പോലീസ് കസ്റ്റഡിയിൽ വെച്ച് യുഡിഎഫ് പ്രവർത്തകരെ സിപിഐഎം പ്രവർത്തകർ ആക്രമിക്കുന്നു. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി വാഹനത്തിൽ പൊലീസിൻ്റെ മാരകയുധങ്ങൾ ഉണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.
നവകേരള സദസ്സ് തുടങ്ങിയശേഷം നാല് കർഷകർ ആത്മഹത്യ ചെയ്തുവെന്നും വി ഡി സതീശൻ ആരോപിച്ചു. സാമൂഹ്യസുരക്ഷാ പെൻഷൻ വൈകിപ്പിച്ചതിൽ സർക്കാരിന് ഉത്തരവാദിത്തം. 90 ശതമാനം പണം സംസ്ഥാന സർക്കാരിൻ്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞതും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. കുസാറ്റ് ദുരന്തം പൊലീസിനെ അറിയിച്ചോ അറിയിച്ചിട്ടും വരാതിരുന്നോ എന്നതിലെല്ലാം സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും വി ഡി സതീശൻ വ്യക്തമാക്കി.യുഡിഎഫ് നേതാക്കൾ നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനെക്കുറിച്ചും വിഡി സതീശൻ പ്രതികരിച്ചു. ഒറ്റപ്പെട്ട ആളുകൾ ആണ് നവകേരള സദസ്സിൽ പങ്കെടുക്കുന്നതെന്നും പ്രദേശികമായ എതിർപ്പുകൾ ചിലപ്പോൾ കാരണമാകാമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. നവകേരള സദസ്സിൽ പങ്കെടുക്കുന്ന യുഡിഫ് പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
മഹാമാരിയുടെ കാലത്ത് നടത്തിയ പിരിവിൻ്റെ കണക്ക് പുറത്ത് വിടണം. പിരിച്ച പണം എവിടെയെന്നും കണക്ക് സർക്കാർ പുറത്തുവിടണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. പ്രളയ കോവിഡ് കാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക പലവഴിക്ക് ചെലവഴിച്ചതായി ഒരു ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. സംഭവം ഗുരുതരമാണെന്നും സർക്കാരിന് ഒളിച്ചോടാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നവകേരള സദസ്സിന് എത്തിക്കുന്നുവെന്ന ഗുരുതര ആരോപണവും വി ഡി സതീശൻ ഉന്നയിച്ചു. സർക്കാർ പ്രവർത്തി ദുരൂഹമാണെന്ന് സൂചിപ്പിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി നവകേരള സദസ്സിന് ആളെക്കൂട്ടുന്നുവെന്നും ആരോപിച്ചു. ഭീഷണിപ്പെടുത്തൽ ഇല്ലാതെ പറവൂരിൽ മുഖ്യമന്ത്രി വരട്ടെയെന്നും വിഡി സതീശൻ പറഞ്ഞു. നവകേരള സദസ്സിന് ഫണ്ട് അനുവദിച്ച പറവൂർ നഗരസഭാ സെക്രട്ടറിയെ വി ഡി സതീശൻ ഭീഷണിപ്പെടുത്തിയെന്ന് നേരത്തെ മുഖ്യമന്ത്രി ആരോപിച്ചിരുന്നു. നവകേരള സദസ്സിന് പറവൂരിൽ നിന്ന് ആരും നവകേരള സഹകരിക്കരുതെന്ന് വി ഡി സതീശന് നിർബന്ധമുണ്ടായിരുന്നുവെന്നും ആളുകൾ എങ്ങനെയാണു പങ്കെടുക്കുന്നതെന്നു പറവൂർ എത്തുമ്പോൾ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.