തിരുവനന്തപുരം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ തന്നെ സഹായിച്ചത് ഒരു പ്രത്യേക സംഘമെന്ന് കേസിലെ മുഖ്യപ്രതി പത്മകുമാർ. കുട്ടിയെ തട്ടികൊണ്ടു പോകാൻ മറ്റൊരു സംഘം സഹായിച്ചു. തന്റെ ഭാര്യക്കും മകൾക്കും ഇതിൽ പങ്കൊന്നുമില്ല. കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്നും പത്മകുമാർ പൊലീസിനോട് പറഞ്ഞു. എന്നാൽ, പത്മകുമാറിന്റെ മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
മകളുടെ നഴ്സിംഗ് അഡ്മിഷനായി അഞ്ച് ലക്ഷം രൂപ താൻ റെജിക്ക് നൽകിയിരുന്നു. എന്നാൽ ഈ പണം പിന്നീട് ചോദിച്ചപ്പോൾ തിരികെ നൽകാൻ റെജി തയ്യാറായില്ല. തന്നോട് ധാർഷ്ട്യത്തോടെയാണ് പെരുമാറിയത്. ഇതിലുള്ള വൈരാഗ്യമാണ് ത്ടടിക്കൊണ്ടുപോകലിന് പ്രേരിപ്പിച്ചതെന്നാണ് പത്മകുമാർ പറയുന്നത്. എന്നാൽ, പത്മകുമാറിന്റെ മകൾ അനുപമ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ്. ഇതാണ് പത്മകുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കേണ്ടെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ഔദ്യോഗിക വിശദീകരണം ഇക്കാര്യത്തിൽ പൊലീസ് നൽകിയിട്ടില്ല.
ഇങ്ങനെ ഏതെങ്കിലും പണമിടപാട് നടന്നിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് റെജി തുടക്കം മുതൽ ഉറപ്പിച്ച് പറയുന്നുണ്ട്. പത്മകുമാറിനെ അറിയില്ലെന്നും റെജി ഇന്ന് പ്രതികരിച്ചു. അന്വേഷണസംഘത്തെ വഴിതെറ്റിക്കാനാണോ പത്മകുമാറിന്റെ ശ്രമമെന്നും സംശയിക്കുന്നുണ്ട്. ഭാര്യക്കും മകൾക്കും പങ്കില്ലെന്ന് പത്മകുമാർ പുറയുന്നതും പൊലീസ് വിശ്വാസത്തിലെടുക്കുന്നില്ലെന്നാണ് വിവരം. തട്ടിക്കൊണ്ടുപോയവരിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചതും ഒരു സ്ത്രീയായിരുന്നു. കടയിലെത്തി തന്റെ ഫോണ് ആവശ്യപ്പെട്ടതക് ഒരു സ്ത്രീയാണെന്ന് പാരിപ്പള്ളിയിലെ വ്യാപാരിയും പറഞ്ഞിരുന്നു. ഈ ഫോണിൽ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്.
ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് പത്മകുമാറും കുടുംബവും തമിഴ്നാട് തെങ്കാശിയിലെ പുളിയറയിൽ നിന്ന് പൊലീസിന്റെ പിടിയിലായത്. പ്രതികൾ സംഭവദിവസം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളാണ് പൊലീസിനെ പത്മകുമാറിലേക്കെത്തിച്ചത്. കുട്ടിക്ക് കാർട്ടൂൺ കാണാൻ നൽകിയ ലാപ്ടോപിന്റെ ഐപി അഡ്രസും സഹായകമായി. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീടും പൊലീസ് കണ്ടെത്തി.