തിരുവനന്തപുരം: ഗവര്‍ണ്ണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പോലീസും കളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്- കെ എസ്‌യുക്കാരെ വഴിനീളെ തല്ലിയിട്ടും ഒരക്ഷരംഉരിയാടാത്തയാളാണ് ഗവര്‍ണ്ണര്‍. ഇപ്പോള്‍ പ്രതിഷേധം ഗവര്‍ണ്ണര്‍ക്കെതിരായപ്പോള്‍ അദ്ദേഹം വാവിട്ട് നിലവിളിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി, തനിക്കെതിരെ തിരിയുന്നവര്‍ ‘ആരായാലും കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ് നല്‍കുന്നത്. അതിന് സ്വന്തം പാര്‍ട്ടിക്കാരെപ്പോലും ഗുണ്ടകളാക്കി മാറ്റി ഞങ്ങളുടെ കുട്ടികളെ നാട് നീളെ തല്ലിച്ചെന്ന് മാത്രമല്ല. അവര്‍ക്ക് മംഗളപത്രം നല്‍കുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുട്ടികളെ തല്ലിയ പോലീസുകാരെ പിണറായി വെറുതെ വിട്ടില്ല. ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കി ആദരിച്ചു. എന്നാല്‍ പിന്നീട് മോദിയെക്കണ്ടപ്പേള്‍ മുഖ്യമന്ത്രിയുടെ പതര്‍ച്ച എത്രത്തോളമെന്ന് അന്നത്തെ ഒരൊറ്റ ഫോട്ടോയിലൂടെ ലോകം കണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇപ്പോള്‍ ഗവര്‍ണ്ണര്‍ക്കെതിരെ നടക്കുന്നത് വെറും നാടകം മാത്രം. യഥാര്‍ത്ഥത്തില്‍ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ സഹായിക്കുകയാണ്.ഇവര്‍ തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കാരണം കേരളത്തില്‍ കെട്ടുകാര്യസ്ഥതയും ഭരണസ്തംഭനവും ചര്‍ച്ച ചെയ്യാതെ പോകുന്നു. രണ്ട് പേരും ചേര്‍ന്ന് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ്. അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കുപോലും ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കുന്ന അവസ്ഥയാണിപ്പോളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസ് സേനയുടെ ഒരു വിഭാഗം സിപിഐഎം ന്റെ പോഷക സംഘടനയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ നിലവാരം വിട്ട് പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.