ഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവിനെ പുറത്താക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇംപീച്ച്മെന്റിലൂടെ മുയ്സുവിനെ പുറത്താക്കാനാണ് നീക്കം. മാലദ്വീപ് പാർലമെന്റിലെ പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയാണ് മുയ്സുവിനെതിരെ നീക്കം നടത്തുന്നത്. മാലദ്വീപിലെ പ്രാദേശിക പത്രങ്ങളാണ് തിങ്കളാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെമോക്രാറ്റുകളുമായി ചേർന്നാണ് എംഡിപി ഇത്തരമൊരു നീക്കം നടത്തുന്നത്. എംഡിപിയിലെയും ഡെമോക്രാറ്റ്സിലെയും 34 അംഗങ്ങൾ ഇംപീച്ച്മെന്റിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഇംപീച്ച്മെന്റിനായി മതിയായ ഒപ്പുകൾ ശേഖരിച്ചു കഴിഞ്ഞുവെന്നാണ് എംഡിപി എംപി ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇനി ഇംപീച്ച്മെന്റ് പ്രമേയം സഭയിൽ അവതരിപ്പിക്കുകയാണ് പ്രതിപക്ഷത്തിന് മുന്നിലെ അടുത്ത നീക്കം. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പാർലമെന്റിൽ സംഘർഷമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്.
എംഡിപിക്കും ഡെമോക്രാറ്റിനും ചേർന്ന് 56 എംപിമാരാണ് സഭയിലുള്ളത്. ഇതിൽ 43 പേർ എംഡിപിയുടെയും 13 പേർ ഡെമോക്രാറ്റിന്റേതുമാണ്. ഭരണഘടന പ്രകാരം 56 വോട്ട് ലഭിച്ചാൽ മാലദ്വീപിലെ പ്രസിഡന്റിനെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കാം. അടുത്തകാലത്താണ് ഇംപീച്ച്മെന്റ് നടപടികൾ എളുപ്പമാക്കികൊണ്ടുള്ള ഭേദഗതി മാലദ്വീപ് പാർലമെന്റ് പാസാക്കിയത്.
ഞായറാഴ്ച ഭരണപക്ഷ പാർട്ടികളായ പിഎൻസി (പീപ്പിൾസ് നാഷണൽ കോൺഗ്രസ്), പിപിഎം (പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് ) എന്നിവർ ചേർന്ന് സ്പീക്കർ മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി സ്പീക്കർ അഹ്മെദ് സലീം എന്നിവർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇരുവരും എംഡിപിയിൽ നിന്നുള്ളവരാണ്. 23 പേർ അവിശ്വാസ പ്രമേയം അനുകൂലിച്ചു.
പ്രസിഡൻ്റ് മൊഹമ്മദ് മൊയ്സു നോമിനേറ്റ് ചെയ്ത നാല് മന്ത്രിമാരെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ഇതിനിടെ എംപിമാർക്കിടയിൽ തർക്കം ആരംഭിക്കുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സംഘർഷത്തിൽ ഒരു എംപിയുടെ തല പൊട്ടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) ഭരണകക്ഷി എംപിമാർ പ്രതിപക്ഷ എംപിമാരെ പാർലമെൻ്ററി ചേംബറിൽ പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ബഹളം തുടങ്ങിയത്. കൂട്ടയടിയിൽ ഒരു എംപിയുടെ തല പൊട്ടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.