കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് നേരിയ ആശ്വാസം. ഹജ്ജിനുള്ള വിമാന നിരക്ക്1,27,000 രൂപയായി എയർ ഇന്ത്യ പുതുക്കി നിശ്ചയിച്ചു. ഇക്കാര്യം എയർ ഇന്ത്യ അറിയിച്ചുവെന്നും ഇനിയും നിരക്ക് കുറയ്ക്കണമെന്നും ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.
കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രയ്ക്ക് 165000 രൂപ ടിക്കറ്റ് ചാർജ് നൽകണമെന്നായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ അറിയിച്ചത്. എയർഇന്ത്യ മാത്രം പങ്കെടുത്ത ടെൻഡർ റദ്ദാക്കണമെന്നും നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും മുസ്ലിംലീഗ് എംപിമാരും കേന്ദ്രത്തെ സമീപിച്ചിരുന്നു. വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നായിരുന്നു കേന്ദ്രത്തിൻറെ മറുപടി. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ നിരക്ക് പുതുക്കി നിശ്ചയിച്ചത്. 38000 രൂപ കുറച്ച് 127000 രൂപ ആണ് ഇനി തീർത്ഥാടകർ യാത്രാകൂലി ആയി നൽകേണ്ടി വരിക.
ടിക്കറ്റ് ചാർജ് കുറച്ചെങ്കിലും മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ 40,000 രൂപ ഇപ്പോഴും തീർഥാടകർ അധികം നൽകണം. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വഴി ഹജ്ജിന് പോകുന്നവർ 86000 രൂപയാണ് യാത്രാകൂലിയായി നൽകേണ്ടത്. അതിനിടെ അമിത വിമാന നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുന്നി സംഘടനകൾ കരിപ്പൂർ എയർപോർട്ടിലേക്ക് മാർച്ച് നടത്തി.