ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രയിലേക്കുള്ള ക്ഷണം ലഭിച്ചിട്ടില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞതിന് പിന്നാലെ മറുപടിയുമായി കോൺഗ്രസ്. ഉത്തർപ്രദേശിലെ അന്തിമ പരിപാടികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും സഖ്യകക്ഷികളെ ക്ഷണിക്കാൻ പാർട്ടി തയ്യാറാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഉത്തർപ്രദേശിലെ ഭാരത് ജോഡോ ന്യായ് യാത്രയുടെ വിശദമായ വിവരങ്ങൾ തയ്യാറാക്കി വരികയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അന്തിമരൂപം നൽകുമെന്നും അഖിലേഷ് യാദവിൻ്റെ പരാമർശങ്ങളെക്കുറിച്ചുള്ള വീഡിയോ ടാഗ് ചെയ്തുകൊണ്ട് ജയറാം രമേശ് എക്‌സിൽ കുറിച്ചു. “സംസ്ഥാനത്തെ ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികളുമായി വിവരങ്ങൾ പങ്കുവയ്ക്കും.’
ഭാരത് ജോഡോ ന്യായ് യാത്രയിലെ അവരുടെ പങ്കാളിത്തം ഇൻഡ്യ സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തും. ഫെബ്രുവരി 16 ന് ഉച്ചയോടെ യാത്ര യുപിയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ജയറാം രമേഷ് പറഞ്ഞു. യാത്രയിലേക്ക് ക്ഷണിച്ചില്ലെന്ന ആരോപണം നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഉന്നയിച്ചിരുന്നു.