തൃശൂർ: വർഗീയതയുടെ വിത്ത് പാകുന്നതിൽ മാത്രമാണ് മോദി ഗ്യാരണ്ടി നടപ്പായതെന്ന വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. 10 ദിവസത്തിനിടെ രണ്ടു തവണ എന്ത് കൊണ്ട് മോദി കേരളം സന്ദർശിച്ചു എന്ന് ജനങ്ങൾക്കറിയാം. ഈ കുറുക്കന്റെ ലക്ഷ്യം തൃശൂരിനും കേരളത്തിനും നന്നായി അറിയാമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ നയപ്രഖ്യാപന പ്രസംഗത്തിൽ എന്ത് കൊണ്ട് കേന്ദ്ര വിരുദ്ധത ഉണ്ടായില്ലെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യം പിണറായി വ്യക്തമാക്കണം. മോദിക്ക് മുന്നിൽ വഴങ്ങും വെറും പരൽ മീൻ മാത്രമായ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നിൽ വഴങ്ങില്ലെന്ന് വീര വാദം മുഴക്കും. പിണറായിയുടെ ഈ രാഷ്ട്രീയം മനസിലാകുന്നില്ലെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.
തേക്കിൻകാട് മൈതാനിയിൽ നടന്ന കോൺഗ്രസിന്റെ മഹാജനസഭയിലാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളുടെ വക്താക്കൾ വീടുകൾ കയറി ഇറങ്ങുന്നുണ്ടെന്ന് ബിജെപിയെ വിമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ആര് വന്നാലും തൃശൂർ അല്ല, ഒരിടവും വിട്ടു കൊടുക്കില്ലെന്ന് തെളിയിക്കണം. വർഗീയ-ഫാസിസ്റ്റ് ശക്തികളെ ഈ മണ്ണിൽ തന്നെ അവസാനിപ്പിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയടക്കം നിരവധി നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്. സംസ്ഥാനങ്ങളുടെ ഫെഡറലിസത്തിൽ മോദി കൈ കടത്തുന്നുവെന്ന് മല്ലികാർജുൻ ഖർഗെ ആരോപിച്ചു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അതിന് കോൺഗ്രസും യുഡിഎഫും പ്രതിജ്ഞാബദ്ധരാണ്. മോദിയുടേത് സ്വകാര്യ മേഖലയെ പ്രീണിപ്പിക്കുന്ന സമീപനമാണ്. മറ്റു മേഖലകളെ നരേന്ദ്ര മോദി സ്വാഭാവിക മരണത്തിന് വിട്ടു നൽകുകയാണ്. പൊതുമേഖലയെ മുഴുവൻ ഏതാനും മുതലാളിമാർക്ക് കൈമാറാനാണ് മോദിയുടെ ശ്രമം. മോദിയുടെ ഭരണത്തിൻ കീഴിൽ സാധാരണക്കാർ ദുരിതത്തിലാണ്. സ്ത്രീ വിരുദ്ധരെയും ദളിത് വിരുദ്ധരെയും സംരക്ഷിക്കുന്ന സമീപനമാണ് മോദി സർക്കാരിനുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
ജനാധിപത്യത്തെ സംരക്ഷിക്കാൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യണം. കേരളം ജയിച്ചാൽ നമ്മൾ ഇന്ത്യ ജയിക്കും. മോദിയുടെയോ ബിജെപിയുടെയോ പതാക ഉയരാൻ അനുവദിക്കരുത്. മുക്കിലും മൂലയിലും മാത്രമുള്ള പാർട്ടികളെയല്ല പിന്തുണക്കേണ്ടത്. കോൺഗ്രസിനൊപ്പം നിലകൊള്ളണമെന്നും മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. ഇന്ത്യയുടെയും കേരളത്തിന്റെയും ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയുള്ള വോട്ടാകണം നിങ്ങൾ ചെയ്യേണ്ടത്. ജനാധിപത്യത്തിനും ഭരണഘടനയുടെ സംരക്ഷണത്തിനും വേണ്ടി നില കൊണ്ടവരാണ് കേരളം. മഹാജനസഭയുടെ ഉദ്‌ഘാടന പ്രസംഗത്തിലായിരുന്നു ഖാർഗെയുടെ പ്രതികരണം.