കൊച്ചി: ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്കെതിരെ ആരോപണവുമായി വിവാദ വ്യവസായി ദല്ലാൾ നന്ദകുമാർ. ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്തും രണ്ടാം യുപിഎ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കർ ആയിരുന്നു അനിൽ ആന്റണിയെന്നും സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. നിയമനം ലഭിച്ചില്ല, പണം തിരിച്ചു തന്നില്ല. പി ടി തോമസ് ഇടപെട്ടാണ് പണം നൽകിയത്. അനിൽ ആന്റണി നിഷേധിച്ചാൽ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പിതാവിനെ വെച്ച് വില പേശി പണം വാങ്ങിയ ആളാണ് അനിൽ ആന്റണി. അനിൽ അംബാനിയുടേതിന് സമാനമായ ഒപ്പാണ് വിസിറ്റേഴ്സിന്റെ ബുക്കിൽ അനിൽ ആന്റണി ഇട്ടത്. പി ജെ കുര്യനും ഉമ തോമസിനും ഇക്കാര്യങ്ങൾ അറിയാം. ചില ഡിഫൻസ് നോട്ടുകൾ പുറത്ത് പോയി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനിൽ ബിജെപിയിൽ ചേർന്നത്. താൻ പറഞ്ഞ കാര്യം ആന്റണിയെ അറിയിച്ചു എന്നാണ് പി ജെ കുര്യൻ പറഞ്ഞത്. 03-12-2012 ലാണ് രഞ്ജിത്ത് സിൻഹ സിബിഐ ഡയറക്ടർ ആയി ചുമതല ഏൽക്കുന്നത്.
രഞ്ജിത്ത് സിൻഹയെ അനിൽ കണ്ടിരുന്നു. 2013 ഏപ്രിലിൽ ആണ് താൻ പണം നൽകിയത്. എൻഡിഎ സർക്കാരിന്റെ ആദ്യ വർഷം ആണ് പണം തിരിച്ചു കിട്ടിയത്. നിഷേധിച്ചാൽ തെളിവ് പുറത്ത് വിടുമെന്നും നന്ദകുമാർ പറഞ്ഞു. ബ്രൗൺ കളർ ഹോണ്ട സിറ്റി കാറിൽ എ കെ ആന്റണിയുടെ പി എസിനൊപ്പം അശോക ഹോട്ടലിൽ എത്തിയാണ് പണം തന്റെ കയ്യിൽ നിന്ന് അനിൽ ആന്റണി വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ മറ്റൊരു ടെറർ കാൻഡിഡേറ്റ് പ്രസിഡന്റ്, പ്രധാനമന്ത്രി, ഹോം മിനിസ്റ്റർ ഒഴികെ എല്ലാ പോസ്റ്റുകളിലേക്കും ഓഫർ ചെയ്യാറുണ്ട്. പേര് ഇപ്പോൾ പറയുന്നില്ലെന്നും നന്ദകുമാർ പറഞ്ഞു.