പാനൂർ: മുളിയാത്തോട് ബോംബ് സ്‌ഫോടനക്കേസിൽ ഒരു സി.പി.എം പ്രവർത്തകൻ കൂടി അറസ്റ്റിൽ. ചുമട്ടുതൊഴിലാളി പാറാട് പുത്തൂർ കല്ലായിന്റവിട അശ്വന്തിനെയാണ് (25) പാനൂർ പൊലീസ് ഇൻസ്പെക്ടർ പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്.
ഇതോടെ ഈ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഒമ്പതായി. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുളിയാത്തോട്ടെ വലിയ പറമ്പത്ത് വിനീഷ്, വിനോദൻ എന്നിവർ അറസ്റ്റിലാവാനുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുളിയാത്തോട്ടെ എലിക്കൊത്തിന്റവിട ഷറിൽ (31) അടക്കം ആകെ 12 പേരെയാണ് സ്ഫോടനക്കേസിൽ ഇതുവരെ പൊലീസ് പ്രതിചേർത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ കുന്നോത്ത്പറമ്പ് ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മീത്തലെ കുന്നോത്ത്പറമ്പ് തങ്കേശ പുരയിൽ ഷാജിൽ (27), കരിയാവുള്ളതിൽ ചാലി അക്ഷയ് (27) എന്നിവർ അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഷാജിൽ, അക്ഷയ്, അശ്വന്ത് എന്നിവരെ തലശ്ശേരി എ.സി.ജെ.എം കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് മുളിയാത്തോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് സ്ഫോടനമുണ്ടായത്.