മാനന്തവാടി: വന്യമൃഗശല്യം പരിഹരിക്കുന്നതിൽ ഭരണാധികാരികൾ പരാജയപ്പെടുന്നുവെന്ന വിമർശനവുമായി മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നൽകി പരിഹരിക്കാനാകില്ലെന്നും ബിഷപ്പ് ചൂണ്ടിക്കാണിച്ചു. ഈ വിഷയം വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾ നിയമസഭയിലും ലോക്സഭയിലും ഉന്നയിക്കണമെന്നും ബിഷപ്പ് നിർദേശിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള ശുശ്രൂഷയിലാണ് ബിഷപ്പിന്റെ വിമർശനം.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പടമല സ്വദേശി അജീഷിന്റെ സംസ്കാര ചടങ്ങുകൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പടമല സെൻറ് ഫിലോമിനാസ് പള്ളിയിൽ നടന്നു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
നാടിനെ ആകെ നടുക്കിയ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ അജീഷിന് വിട നൽകാനായി പടമലയിലെ വീട്ടിലേക്കും സംസ്കാര ചടങ്ങുകൾ നടന്ന സെൻറ് അൽഫോൻസാ പള്ളിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. പള്ളി കമ്മിറ്റി ഭാരവാഹിയായും വിവിധ സംഘടനകളുടെ പ്രവർത്തകനെന്ന നിലയിലും നാട്ടിൽ സജീവമായി ഇടപെട്ടിരുന്ന അജീഷിന് അന്തിമോപചാരം അർപ്പിക്കാനായി രാഷ്ട്രീയ കക്ഷിയെ പ്രതിനിധികളും ജനപ്രതിനിധികളും അടക്കം നിരവധി പേരുമെത്തി.
ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ .രൂപത പ്രൊക്യുറേറ്റർ ഫാദർ ജോസ് കൊച്ചറക്കൽ വീട്ടിൽ നടന്ന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തുടർന്ന് വിലാപയാത്രയായി പള്ളിയിലേക്ക് . പടമല സെൻറ് അൽഫോൻസാ പള്ളിയിൽ നടന്ന അന്ത്യ ശുശ്രൂഷ ചടങ്ങുകൾക്ക് മാനന്തവാടി രൂപത ബിഷപ്പുമാർ ജോസ് പോരുന്നേടം നേതൃത്വം നൽകി. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ സന്ദേശം ചടങ്ങിൽ ബിഷപ്പ് വായിച്ചു.
മനുഷ്യജീവന് സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സന്ദേശത്തിൽ മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നൽകി പരിഹരിക്കാനാകിലെന്ന് പറഞ്ഞ ബിഷപ്പ് വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾ പ്രശ്നത്തിന്റെ ഗൗരവം നിയമസഭയിലും ലോക്സഭയിലും എത്തിക്കണം എന്നും ആവശ്യപ്പെട്ടു. അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപത പത്തുലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് ധനസഹായം നൽകുക.