ദില്ലി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. സമീപ വർഷങ്ങളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിലുള്ള മുസ്‌ലിംകളുടെ അനുഭവം അത്ര നല്ലതല്ലെന്ന് ശശി തരൂർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമർശം.
അഡോൾഫ് ഹിറ്റ്‌ലറുടെ കാലത്ത് ജർമ്മനിയിലെ ജൂതന്മാരുടെ സാഹചര്യവുമായി ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെ അസദുദ്ദീൻ ഒവൈസി താരതമ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിൻ്റെ പരാമർശം ഉണ്ടായത്. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റ മന്ത്രി സഭയിൽ മുസ്ലീം മന്ത്രി ഇല്ലാത്തതിനെയും തരൂർ വിമർശിച്ചു. രാജ്യത്തിൻ്റെ സ്വത്വം മാറ്റാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും തരൂർ പറഞ്ഞു. ഈയടുത്ത വർഷങ്ങളിൽ, രാജ്യത്ത് മുസ്ലീങ്ങളുടെ അനുഭവം നല്ലതല്ല. രാജ്യത്ത് ഇതാദ്യമായാണ് ഒരു മുസ്ലീം ലോക്സഭയിലും രാജ്യസഭയിലും എംപി ആകാത്തത്. ഒരു മുസ്ലീമും മന്ത്രിസഭയിൽ മന്ത്രിയായിട്ടില്ല. ബിജെപി ചെയ്തത് തെറ്റാണെന്നും തരൂർ പറഞ്ഞു.
“നമ്മുടെ കോൺഗ്രസ് സർക്കാർ രാജ്യത്തിൻ്റെ മുഴുവൻ പ്രതിഫലനമായിരുന്നു. പക്ഷേ, ‘ഹിന്ദ്, ഹിന്ദു, ഹിന്ദുത്വ’ എന്ന മുദ്രാവാക്യം ഉപയോഗിച്ച് രാജ്യത്തിൻ്റെ സ്വത്വം മാറ്റാൻ അവർ ആഗ്രഹിക്കുകയാണ്. ഇത് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. അമ്മ ഏൽപിച്ച ദൗത്യമാണെന്നാണ് രാഹുൽ പ്രതികരിച്ചത്. പരമ്പരാഗത മണ്ഡലത്തെ സേവിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് റായ്ബറേലിയിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും രാഹുൽ വിശദീകരിച്ചു. അമേഠിയും, റായ്ബറേലിയും തന്‍റെ കുടുംബമാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.