കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ യുക്രൈനിലെ പോറീഷ്യയിൽ ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് സപോറീഷ്യ ആണവ നിലയിൽ തീപിടിത്തമുണ്ടായി. സ്ഫോടനങ്ങളെത്തുടർന്ന് സപോറീഷ്യയിലെ കൂളിങ് ടവർ തകരുകയും പ്ലാന്‍റിന്‍റെ വടക്കൻ ഭാഗത്തുനിന്ന് ഇരുണ്ട പുക ഉയരുകയും ചെയ്തു. സംഭവത്തിന് പിന്നാലെ, യൂറോപ്പ് ആകമാനം ആശങ്കയിലായി.
പ്ലാന്‍റിൽ റേഡിയേഷൻ ഉണ്ടായിട്ടില്ലെന്ന് റഷ്യ നിയമിച്ച ഗവർണർ യെവ്ജെനി ബാലിറ്റ്സ്കി അറിയിച്ചു. അതേസമയം, ആണവ നിലയത്തിൽ ആക്രമണം നടത്തിയത് റഷ്യയാണെന്ന് യുക്രൈൻ ആരോപിച്ചു. എന്നാൽ, തങ്ങളല്ല ആക്രണം നടത്തിയതെന്നും യുക്രൈനാണെന്നും റഷ്യ മറുപടി നൽകി.2022 മുതൽ റഷ്യയുടെ അധീനതയിലാണ് ആണവകേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശം. രണ്ട് വർഷത്തിലേറെയായി ഇവിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നില്ല.