ഇംഫാല്: മണിപ്പൂരിലെ ജിരിബാം ജില്ലയിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ ഒരാളെ ആക്രമിസംഘമെത്തി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇരുസമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് നാലുപേർ കൊല്ലപ്പെടുന്നത്.
ഒരാഴ്ച മുമ്പാണ് മണിപ്പൂരിൽ വീണ്ടും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. റോക്കറ്റുകളും ഡ്രോണുകളുമാണ് കലാപകാരികള്‍ ഉപയോഗിക്കുന്നത്. കിഴക്കന്‍ ഇംഫാലിലെ ദൊലായ്തബി, ശാന്തിപുര്‍ പ്രദേശങ്ങളിലും ബിഷ്ണുപുര്‍, ഫുഖാവോ ജില്ലകളിലെ ചില പ്രദേശങ്ങളിലും ഡ്രോണുകള്‍ ഭീതി പരത്തിയതായി അധികൃതര്‍ അറിയിച്ചു.
ഡ്രോണുകള്‍ കണ്ട് ഭയന്ന ജനങ്ങള്‍ വീടുകളിലെ ലൈറ്റുകള്‍ അണച്ചു. സുരക്ഷാസേന മലയോര മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ മേഖലയായ ബിഷ്ണുപുരില്‍ നടന്ന ആക്രമണത്തില്‍ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.
സെപ്റ്റംബര്‍ ഒന്നിന് പടിഞ്ഞാറന്‍ ഇംഫാല് ജില്ലയിലായിരുന്നു ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെന്‍ജം ചിരാംഗില്‍നിന്നും 3 കിലോമീറ്റര്‍ അകലെ റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തികുന്ന പറക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം മൂന്നുപേരെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും ചെയ്തു.
ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ശനിയാഴ്ച അടച്ചിട്ടു. ആക്രമണം തുടരുന്നതിനാൽ ചില സംഘടനകൾ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകളോട് വീടുകളിൽ തന്നെ കഴിയാൻ ഇവർ ആവശ്യപ്പെട്ടു.