കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആദ്യ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നു. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിലവിലെ എംപിയായ തോമസ് ചാഴിക്കാടന്‍ തന്നെ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പ്രഖ്യാപിച്ചു. എല്‍ഡിഎഫ് സീറ്റ് വിഭജനം അനുസരിച്ച് കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്തേണ്ട തിരഞ്ഞെടുപ്പാണ്. മതേതരത്വം, ഫെഡറലിസം, ജനാധിപത്യം സംരക്ഷിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടത്തി. കോട്ടയം സീറ്റില്‍ തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ത്ഥി. ഒരേ ഒരു പേര് മാത്രമാണ് ചര്‍ച്ചയില്‍ ഉണ്ടായത്. തീരുമാനം ഐക്യകണ്‌ഠേനയെന്നും ജോസ് കെ മാണി പറഞ്ഞു.
എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ 100% വിജയസാധ്യതയുണ്ട്. രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിത്. അപ്പുറത്ത് ആര് മത്സരിക്കുന്നുവെന്ന് നോക്കാറില്ല. രാജ്യസഭാ സീറ്റിനും ലോക്‌സഭാ സിറ്റിനും കേരളാ കോണ്‍ഗ്രസിന് അര്‍ഹതയുണ്ട്. സിപിഐഎം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായി. അതുകൊണ്ടാണ് കോട്ടയം സീറ്റ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.