തിരുവനന്തപുരം: മുസ്‍ലിം ലീഗിന്റെ മൂന്നാം സീറ്റിൽ തീരുമാനം ഇനിയും നീളും. ഇന്ന് ചേരാനിരുന്ന മൂന്നാം ഘട്ട ഉഭയകക്ഷി ചർച്ചയും യു.ഡി.എഫ് ഏകോപന സമിതി യോഗവും മാറ്റിവെച്ചു . നിയമസഭാ സമ്മേളനം നീളുന്നതിനാലാണ് യോഗം മാറ്റിയത്. രണ്ടുദിവസത്തിനകം യോഗം ചേരും.
ഇതിനിടെ മൂന്നാം സീറ്റിനായി സമ്മർദം തുടരാനും ലീഗ് തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിലാണ് സമ്മർദം തുടരാൻ തീരുമാനിച്ചത്. രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്ന ആവശ്യത്തിൽ തന്നെ ലീഗ് ഉറച്ചുനിൽക്കും. വയനാടില്ലെങ്കിൽ കണ്ണൂരോ വടകരയോ വേണമെന്ന ആവശ്യവും ആവർത്തിക്കുന്നു. മൂന്നാം സീറ്റ് ഉണ്ടായില്ലെങ്കിൽ രാജ്യസഭാ സീറ്റ് കൂടി ലക്ഷ്യമാക്കി മുന്നോട്ടുപോകാനാണ് ലീഗ് നേതൃത്വത്തിന്റെ നീക്കം.