വന്യജീവി ആക്രമണത്തിനെതിരെ വയനാട് പടമലയില്‍ പന്തംകൊളുത്തി പ്രതിഷേധവുമായി നാട്ടുകാര്‍. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെയാണ് പ്രതിഷേധം. പടമല പള്ളിയില്‍ നിന്ന് കുറുക്കന്‍മൂല ജംഗ്ഷനിലേക്കാണ് പന്തംകൊളുത്തി പ്രതിഷേധം. ‘കാട്ടില്‍ മതി കാട്ടു നീതി’ എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.
‘മനുഷ്യ ജീവന് പുല്ലുവില നല്‍കുന്ന കാട്ടുനീതിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം’ എന്നും ബാനറില്‍ എഴുതിയിട്ടുണ്ട്. വന്യജീവി ശല്യം രൂക്ഷമാണെന്ന് വനം വകുപ്പിനെ അറിയിച്ചിട്ടും യാതൊരുവിധത്തിലുള്ള ഇടപെടലുകളും ഉണ്ടാകുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കൂടാതെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ധനസഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
അതേസമയം വയനാട് പടമലയില്‍ അജീഷിനെ ആക്രമിച്ചു കൊന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. നാലാം ദിവസവും ആനയെ മയക്കുവെടി വെക്കാനാകാതെ ദൗത്യസംഘം. ആന ബാവലി മേഖലയിലെ ഉള്‍ക്കാട്ടില്‍ തുടരുകയാണ്. നാളെ പുലര്‍ച്ചെ ദൗത്യം പുനരാരംഭിക്കും.