കീവ്: കരിങ്കടലില്‍ മറ്റൊരു റഷ്യന്‍ യുദ്ധക്കപ്പല്‍ നശിപ്പിച്ചതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. റഷ്യ- യുക്രെയന്‍ സംഘര്‍ഷം രണ്ടാം വര്‍ഷത്തിലേക്ക് കടക്കവെയാണ് യുദ്ധക്കപ്പല്‍ നശിപ്പിച്ച വിവരം യുക്രെയ്ന്‍ പുറത്തുവിട്ടത്.
‘സെസാര്‍ കുനിക്കോവ്’ എന്ന റഷ്യന്‍ ലാന്‍ഡിംഗ് കപ്പലാണ് തകര്‍ത്തതെന്നും യുക്രേനിയന്‍ സൈന്യവും സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങളും യുദ്ധക്കപ്പല്‍ തകര്‍ക്കാന്‍ സഹകരിച്ചതായി അവകാശപ്പെട്ടു.
ആലുപ്കയ്ക്ക് സമീപമുള്ള യുക്രേനിയന്‍ അതിര്‍ത്തിയെ ജലാശയത്തിലായിരുന്നു തകരുമ്പോള്‍ കപ്പലുണ്ടായിരുന്നത്. ആക്രമണം നടത്താന്‍ യുക്രേനിയന്‍ ഭാഗം ‘മഗുറ’ ഡ്രോണുകള്‍ ഉപയോഗിച്ചു. സി എന്‍ എന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേടുപാടുകള്‍ പരിഹരിക്കാനാവാത്ത വിധത്തില്‍ കപ്പല്‍ നശിപ്പിച്ചിട്ടുണ്ട്.
മഗുര ഡ്രോണുകള്‍ക്ക് ഏതാനും മീറ്റര്‍ നീളവും 800 കിലോമീറ്റര്‍ പരിധിയുമുണ്ട്. അതുവഴി റഷ്യയെ ലക്ഷ്യമിടാന്‍ യുക്രെയ്‌നിയന്‍ സൈന്യത്തിന് സാധിക്കും.
കരിങ്കടല്‍ തുറമുഖത്ത് കൈവ് നടത്തിയ വ്യോമാക്രമണത്തില്‍ തങ്ങളുടെ ഒരു യുദ്ധക്കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായി മോസ്‌കോ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം അറിയിച്ചതിന് പിന്നാലെയാണ് റഷ്യന്‍ യുദ്ധക്കപ്പല്‍ നശിപ്പിച്ചതായി യുക്രെയ്ന്‍ വീണ്ടും അവകാശവാദം ഉന്നയിച്ചത്.
റഷ്യന്‍ അധിനിവേശ ക്രിമിയയില്‍ സ്ഥിതി ചെയ്യുന്ന ഫിയോഡോസിയയില്‍ ഡിസംബര്‍ 26ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ഗൈഡഡ് മിസൈലുകള്‍ ഘടിപ്പിച്ച യുക്രേനിയന്‍ വിമാനം ലാന്‍ഡിംഗ് യുദ്ധക്കപ്പലായ നോവോചെര്‍കാസ്‌കിനെ ലക്ഷ്യമിട്ടതായി റഷ്യയിലെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
യുക്രെയ്നിന്റെ ഉന്നത കമാന്‍ഡര്‍ ജനറല്‍ വലേരി സലുഷ്നിയെ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി പുറത്താക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യന്‍ യുദ്ധക്കപ്പലിന് നേരെ പുതിയ ആക്രമണമുണ്ടായത്.
ആക്രമണത്തെക്കുറിച്ച് മോസ്‌കോ പ്രതികരിച്ചിട്ടില്ലെങ്കിലും വേഗത്തിലുള്ള പ്രതികാരം പ്രവര്‍ത്തനത്തിലായിരിക്കുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.