തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐക്കാര്‍ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാണിക്കേണ്ടതില്ലെന്നും ആക്രമിക്കണമെങ്കില്‍ താന്‍ കാറില്‍ നിന്ന് ഇറങ്ങി വരാമെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. സര്‍ക്കാറും എസ്എഫ്‌ഐയും ഒത്തുകളിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതിഷേധിച്ച എസ്എഫ്‌ഐക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇരിങ്ങാലക്കുടയില്‍ അഞ്ച് ഇടങ്ങളില്‍ പൊലീസിനെ വെട്ടിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനവ്യൂഹത്തിനു നേരെ ചാടി വീഴുകയായിരുന്നു.
ടൗണ്‍ഹാള്‍ പരിസരത്ത് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പതിച്ച പോസ്റ്ററുകള്‍ പൊലീസ് നീക്കം ചെയ്തു. ഇന്ന് തൃശൂര്‍ എങ്ങണ്ടിയൂരില്‍ വെച്ചും ഗവര്‍ണര്‍ക്കു നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. തൃശൂരില്‍ എസ്എഫ്‌ഐ തുടര്‍ച്ചയായി മാരത്തണ്‍ കണക്കെയാണ് ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നത്.
ഇന്നലെയും ഗവര്‍ണര്‍ക്കെതിരെ തൃശൂരില്‍ വിവിധ ഇടങ്ങളില്‍ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. 57 പേരെയാണ് ബുധനാഴ്ച മാത്രം പൊലീസ് കസ്റ്റഡിയിലെടുത്തത്. സര്‍വകലാശാലകളിലെ കാവിവത്ക്കരണത്തിനെതിരെയാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം.